നോയിഡ: യുവതിയുടെ പ്രസവത്തിനിടെ ആവശ്യമായി വന്ന രക്തം ദാനം ചെയ്ത് മാതൃകയായി ഈ പോലീസുകാർ. ഉത്തർപ്രദേശിലെ നോയിഡയിലുള്ള അഞ്ജുൽ കുമാർ ത്യാഗി, പൈലറ്റ് ലാല റാം എന്നീ പോലീസുകാരാണ് യുവതിക്ക് രക്തം ദാനം ചെയ്തത്. ഞായറാഴ്ച വൈകിട്ടോടെയാണ്. ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിൽ താമസിക്കുന്ന പൂർണ്ണഗർഭിണിയായ രജനിയുടെ ഭർത്താവ് വിജയ് കുമാർ ഉത്തർപ്രദേശ് പോലീസിന്റെ എമർജൻസി നമ്പറിലേക്ക് വിളിച്ചത്. തന്റെ ഭാര്യ പ്രസവത്തിനായി ആശുപത്രിയിലാണെന്നും രക്തം അത്യാവശ്യമാണെന്നും വിജയ് അറിയിച്ചു.
ഉടൻ തന്നെ പോലീസ് 24 സെക്ടറിലെ ഇഎസ്‌ഐ ആശുപത്രിയിലേക്ക് പോലീസുകാർ ഓടിപ്പാഞ്ഞെത്തുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥരായ അഞ്ജുൽ കുമാറും ലാല റാമുമാണ് രക്തം ദാനം ചെയ്തതെന്ന് പോലീസ് വക്താവ് അറിയിച്ചു.
അതേസമയം, നിർണായക ഘട്ടത്തിൽ തങ്ങളെ സഹായിക്കാനെത്തിയ പോലീസുകാരെ ദൈവവുമായിട്ടാണ് വിജയ് ഉപമിച്ചത്. പോലീസുകാർ ചെയ്ത സഹായത്തിന് വളരെയധികം നന്ദിയുണ്ടെന്നും വിജയ് വാർത്താ ഏജൻസിയായ പിറ്റിഐയോട് പറഞ്ഞു. അമ്മയും ആൺകുഞ്ഞും സുഖമായിരിക്കുന്നതായും വിജയ് അറിയിച്ചു.
Discussion about this post