ബംഗളൂരു: കൊവിഡ് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കം പുലർത്തിയവരെ സർക്കാർ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റാനെത്തിയ ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ളവരെ അക്രമിച്ച ആളുകളെ പോലീസ് അറസ്റ്റുചെയ്തു. ബംഗളൂരുവിലെ പാദരായണപുരയിലാണ് സംഭവം.
കൊവിഡ് ബാധിതനുമായി സെക്കന്ററി കോൺടാക്ടുള്ള 58 പേരെയാണ് ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റാൻ ശ്രമിച്ചത്. പത്ത് കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതിനെത്തുടർന്ന് ഈ പ്രദേശം സീൽ ചെയ്തിരുന്നു.
കൊവിഡ് ബാധിതനായ രോഗിയുമായി ഇടപഴകിയ എല്ലാ ആളുകളുടേയും പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കിയിരുന്നു. കൊവിഡ് വ്യാപിക്കാതിരിക്കാൻ ഇവരെ സർക്കാർ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയാണെന്ന് വീടുകളിൽച്ചെന്ന് അറിയിച്ചിരുന്നു. ആദ്യം അവരത് സമ്മതിച്ചതുമായിരുന്നു, പിന്നീട് കുറച്ച് കഴിഞ്ഞപ്പോൾ പ്രദേശവാസികളിൽ ചിലർ പ്രതിഷേധവുമായി എത്തുകുകയും അക്രമാസക്തരാവുകയുമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
58 സെക്കന്ററി കോൺടാക്ടുകളെയാണ് ആരോഗ്യവകുപ്പ് പട്ടികപ്പെടുത്തിയത്. അതിൽ 17 പേരെ നേരത്തെ ക്വാറന്റൈൻ കേന്ദ്രത്തിലാക്കി. ബാക്കിയുള്ളവരെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനെത്തിയപ്പോഴാണ് സംഭവം ഉണ്ടായത്.
Discussion about this post