ഹൈദരാബാദ്: കൊവിഡ് 19 വൈറസ് ബാധമൂലം ഹൈദരാബാദില്‍ 45 ദിവസം പ്രായമുളള കുഞ്ഞ് മരിച്ചു. ന്യുമോണിയയെ തുടര്‍ന്ന് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന് വെളളിയാഴ്ചയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം കുഞ്ഞിന് എവിടെ നിന്നാണ് വൈറസ് ബാധയുണ്ടായത് എന്ന കാര്യത്തില്‍ വ്യക്തയില്ല. മരിച്ച കുഞ്ഞിന്റെ മാതാപിതാക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ട. തങ്ങള്‍ കൊവിഡ് ബാധിത മേഖലകളില്‍ സഞ്ചരിച്ചിട്ടില്ലെന്നാണ് കുടുംബം പറയുന്നത്.
കുഞ്ഞിന് ഏപ്രില്‍ എട്ടിന് നാരായണ്‍പേട്ടിലെ ആശുപത്രിയില്‍ നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തതിന് ശേഷമാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത് എന്നാണ് ബന്ധുക്കള്‍ പറയുന്നത്. പിന്നീട് കുട്ടിയെ മെഹബൂബ നഗറിലെ ആശുപത്രിയിലും കാണിച്ചിരുന്നു. തുടര്‍ന്നാണ് ഹൈദരാബാദിലേക്ക് മാറ്റിയത്. ആശുപത്രിയില്‍ നിന്നായിരിക്കും രോഗം പകര്‍ന്നതെന്ന നിഗമനത്തിലാണ് അധികൃതര്‍.
അതേസമയം കൊവിഡ് 19 വൈറസ് ബാധമൂലം രാജ്യത്ത് മരിച്ചവരുടെ എണ്ണം 544 ആയി. 1,553 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും കൂടുതല്‍ കേസുകളാണിത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 17,265 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഈ കാര്യം അറിയിച്ചത്.