ബംഗളൂരു: അറബ് സ്ത്രീകള്‍ക്കെതിരെ വംശീയപരമായി ലൈംഗികാതിക്ഷേപം നടത്തിയ ബിജെപി എംപിക്കെതിരെ വ്യാപക പ്രതിഷേധം. ബംഗളുരു സൗത്തിലെ ബിജെപി എംപിയായ തേജസ്വി സൂര്യയാണ് അറബ് സ്ത്രീകളെ ഒന്നടങ്കം മോശമായി ചിത്രീകരിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അറബ് സ്ത്രീകള്‍ക്കെതിരെയുള്ള തേജസ്വി സൂര്യയുടെ പരാമര്‍ശം.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തേജസ്വി സൂര്യ അറബ് സ്ത്രീകള്‍ക്കെതിരെ വംശീയപരമായി ലൈംഗികാതിക്ഷേപം നിറഞ്ഞ പോസ്റ്റിട്ടത്. ഇത് പിന്നീട് വിവാദമായതോടെ അദ്ദേഹം ട്വീറ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് വീണ്ടും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു.
ഇതോടെ ബിജെപി എപിക്കെതിരെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തി. ബിജെപി എംപിയുടെ വംശീയത നിറഞ്ഞ ലൈഗിംകാതിക്ഷേപത്തിനെതിരെ അറബ് രാജ്യങ്ങളില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ശ്രദ്ധയില്‍പ്പെട്ട അറബ് സാംസ്കാരിക പ്രവര്‍ത്തകരും പ്രമുഖ നിയമജ്ഞരും ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് സന്ദേശമയച്ചുവെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏതെങ്കിലുമൊരു ഘട്ടത്തില്‍ വിദേശകാര്യ മന്ത്രിയായി അറബ് നാടുകളിലേക്ക് വരുവാന്‍ അവസരം ലഭിച്ചാല്‍ പുറപ്പെടാന്‍ നില്‍ക്കേണ്ടതില്ലെന്നും നിങ്ങളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നില്ലെന്നുമായിരുന്നു തേജസ്വി സൂര്യക്കെതിരെ യു.എ.ഇയിലെ പ്രമുഖ വനിതാ സംരംഭകയായ നൂറ അല്‍ ഗുറൈര്‍ ട്വീറ്ററില്‍ കുറിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും അഭ്യന്തര മന്ത്രി അമിത് ഷായുടെയും പ്രത്യേക നോമിനി ആയാണ് തേജസ്വി ലോക് സഭാ സ്ഥാനാര്‍ഥിത്വത്തിലേക്കും ഭാരവാഹിത്വങ്ങളിലേക്കും എത്തിയത്. ഒരു അഭിഭാഷകന്‍ കൂടിയാണ് തേജസ്വി സൂര്യ.