ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസ് ബാധമൂലം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 36 പേരാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 543 ആയി. 1,553 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും കൂടുതല്‍ കേസുകളാണിത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 17,265 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഈ കാര്യം അറിയിച്ചത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള സംസ്ഥാനം മാഹാരാഷ്ട്രയാണ്. ഇതുവരെ 4,203 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 223 പേരാണ് വൈറസ് ബാധമൂലം ഇവിടെ മരിച്ചത്. ഡല്‍ഹിയില്‍ 2003 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 45 പേരാണ് ഇവിടെ മരിച്ചത്. രാജസ്ഥാനില്‍ 1478 പേര്‍ക്കും തമിഴ്നാട്ടില്‍ 1,477 പേര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
അതേസമയം രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലും ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇന്ന് മുതല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. രാജസ്ഥാന്, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. വ്യാവസായിക മേഖലയിലാണ് ഇളവുകള്‍ ഏറെയും. അതേസമയം രാജ്യത്ത് രോഗം ഭേദമാകുന്നവരുടെ തോതില്‍ പുരോഗതിയുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചത്. ഞായറാഴ്ച രോഗം ഭേദമായവരുടെ ശതമാനം 14.19 ആയിരുന്നെങ്കില്‍ തിങ്കളാഴ്ചയോടെ അത് 14.75 ആയി ഉയര്‍ന്നിട്ടുണ്ടെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്.
Discussion about this post