ന്യൂഡല്‍ഹി: കേരളം ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനത്ത് ബാര്‍ബര്‍ ഷോപ്പുകളും റസ്റ്റോറന്റുകളും വര്‍ക്ക്ഷോപ്പുകളും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത് ഗുരുതര ലംഘനമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് നോട്ടീസ് അയച്ചിരിക്കുകയാണ്. മാര്‍ഗരേഖയിലെ വ്യവസ്ഥകള്‍ കേരളം ലംഘിച്ചുവെന്നും കത്തില്‍ കേന്ദ്രസര്‍ക്കാര്‍ കുറ്റപ്പെടുത്തി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിക്കാണ് കത്ത് കൈമാറിയത്. കത്തില്‍ സംസ്ഥാനം വിശദീകരണം നല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് മെയ് മൂന്ന് വരെ ലോക്ക്ഡൗണ്‍ കര്‍ശനമായി തുടരണമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. എന്നാല്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ ചില ഇളവുകള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടാത്ത ചില മേഖലകള്‍ക്കാണ് സംസ്ഥാനസര്‍ക്കാര്‍ ഇളവ് അനുവദിച്ചത്. ഇതാണ് കേന്ദ്രസര്‍ക്കാരിന്റെ വിമര്‍ശനത്തിന് കാരണമായത്.
ഇരുചക്ര വാഹങ്ങളില്‍ രണ്ട് പേര്‍ക്ക് സഞ്ചരിക്കാന്‍ അനുമതി നല്കിയതും ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുന്നതും കേന്ദ്ര നിര്‍ദേശത്തില്‍ വെള്ളംചേര്‍ത്തുകൊണ്ടാണെന്ന് ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല അയച്ച കത്തില്‍ പറയുന്നത്. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ ഇത്തരത്തില്‍ ഇളവുകള്‍ അനുവദിക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ വിശദീകരണം ലഭിച്ച ശേഷം എന്ത് നടപടി വേണമെന്ന് തീരുമാനിക്കുമെന്നാണ് അറിയിച്ചത്.
Discussion about this post