ന്യൂഡല്‍ഹി: കഴിഞ്ഞ കുറച്ചു ദശകങ്ങളിലെ ഏറ്റവും വലിയ അദൃശ്യയുദ്ധമാണ് കൊറോണ വൈറസ് എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ആപല്ശക്തികളില്നിന്നും രാജ്യത്തെ രക്ഷിക്കാന്‍ സൈന്യം സുസജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ.യുമായുള്ള അഭിമുഖത്തിലാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ കുറച്ചു ദശകങ്ങളിലെ ഏറ്റവും വലിയ അദൃശ്യയുദ്ധമാണ് കൊറോണയ്ക്കെതിരെ ഇപ്പോള്‍ നടക്കുന്നതെന്നും എല്ലാ ശാഖകളെയും ഏകോപിപ്പിച്ചുകൊണ്ട് ജനങ്ങളുടെ പിന്തുണയോടെ യുദ്ധകാലാടിസ്ഥാനത്തിലാണ് ഇന്ത്യ ഇതിനെ നേരിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ആപല്ശക്തികളില്നിന്നും രാജ്യത്തെ രക്ഷിക്കാന്‍ സൈന്യം സുസജ്ജമാണ്. മൂന്നു സേനാ വിഭാഗങ്ങളെയും അവയുടെ തന്ത്രപരമായ സമ്പത്തും വൈറസ്ബാധയില്നിന്ന് സംരക്ഷിച്ചുനിര്‍ത്താന്‍ കൃത്യമായ സംവിധാനം രാജ്യം സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിരോധമന്ത്രി അഭിമുഖത്തില്‍ പറഞ്ഞു.
അതേസമയം, അതിര്‍ത്തിയില്‍ പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് തുടരുകയാണ്. എന്നാല്‍, ഇന്ത്യന്‍ മണ്ണിലെത്താതെ തന്ത്രപരമായി അവയെ തടഞ്ഞുനിര്‍ത്താന്‍ സൈന്യത്തിനാകുന്നുണ്ടെന്നും കരുത്തരായ സൈന്യം പോരാട്ടം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post