മുംബൈ: കോവിഡ് ടെസ്റ്റ് നടത്തുന്നതിന് കേന്ദ്രം പ്രഖ്യാപിച്ച 4,500 രൂപ ഫീസില്‍ ആയിരം രൂപ ലാഭമാണെന്ന് വ്യക്തമാക്കി സ്വകാര്യ ലാബ്. ടെസ്റ്റിന്റെ ഫീസ് കുറഞ്ഞുപോയെന്ന് ആരോപണം ഉയരുന്നതിനിടെയാണ് മുംബൈയിലെ സ്വകാര്യ ലാബ് തൈറോകെയറിന്റെ വാദം.
തൈറോകെയര്‍ സ്ഥാപനത്തിന്റെ ചെയര്‍മാനും സിഇഒയും എംഡിയുമായ ഡോ എ വേലുമണിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇവിടെ ടെസ്റ്റ് നടത്താനുള്ള ആകെ ചിലവ് 3500 ആണെന്നും നെറ്റ് ലാഭം ആയിരം രൂപയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
രാജ്യത്തെ പത്ത് നഗരങ്ങളില്‍ ലാബുകളുള്ള, ഈ രംഗത്തെ പ്രധാന കമ്പനിയാണ് തൈറോകെയര്‍. മുംബൈയിലെ ഒരു ലാബിന് നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡിന്റെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് ടുഡെയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ടെസ്റ്റുകളില്‍ നിന്ന് ലാഭം സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്നില്ലെന്ന് ഡോ വേലുമണി ബിസിനസ് ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഈ തുക ഉപയോഗിച്ച് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ എത്തിക്കാനും കൂടുതല്‍ ടെസ്റ്റുകള്‍ നടത്താനുമാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.