പാട്‌ന: രാജസ്ഥാനിൽ കുടുങ്ങിയ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ ശ്രമിച്ച യുപി സർക്കാരിനെ വിമർശിച്ച ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ബിജെപി എംഎൽഎയുടെ മകന് പ്രത്യേക പാസ് നൽകിയതിനെ രൂക്ഷമായി വിമർശിച്ച് തിരഞ്ഞെടുപ്പ് തന്തത്രജ്ഞൻ പ്രശാന്ത് കിഷോർ. മത്സരപരീക്ഷയുടെ തയ്യാറെടുപ്പിനായി പോയ വിദ്യാർത്ഥികളുടെ നാട്ടിലെത്താനുള്ള ശ്രമത്തെ വിമർശിച്ച നിതീഷ് കുമാർ ബിജെപി എംഎൽഎയുടെ മകന് രാജസ്ഥാനിൽ നിന്നും ബിഹാറിലെത്താൻ പ്രത്യേക പാസ് അനുവദിക്കുകയായിരുന്നു.
നിതീഷ് ജീ, ഇതാണോ നിങ്ങളുടെ അന്തസ്സെന്ന് പ്രശാന്ത് കിഷോർ ട്വീറ്റിലൂടെ ചോദ്യം ചെയ്തു. യുപിയിലെ വിദ്യാർത്ഥികളെ 300 ബസ്സുകളിൽ നാട്ടിലെത്തിക്കാനുള്ള നീക്കം കടുത്ത അനീതിയാണെന്നും ലോക്ക് ഡൗൺ വ്യവസ്ഥകളുടെ ലംഘനമാണെന്നുമായിരുന്നു നിതീഷ് കുമാറിന്റെ വിമർശനം. മത്സരപ്പരീക്ഷാ പരിശീലനം നടത്തുന്ന സമ്പന്ന വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുന്ന സർക്കാരിന് കുടിയേറ്റ തൊഴിലാളികളുടെ പാലായനം എങ്ങനെ തടയാൻ കഴിയുമെന്ന് ബിഹാർ ചീഫ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനയച്ച കത്തിൽ ചോദിച്ചിരുന്നു.
എന്നാൽ, ഇതിനു പിന്നാലെ ബിജെപി എംഎൽഎ അനിൽ സിങ്ങിന് സ്വന്തം മകനെ രാജസ്ഥാനിലെ കോട്ടയിൽനിന്ന് വീട്ടിലെത്തിക്കാൻ ബിഹാർ സർക്കാർ പ്രത്യേക പാസ് നൽകി. ഇതോടെയാണ് നിതീഷ് കുമാറിന്റെ ജനതാ ദൾ യുണൈറ്റഡിൽനിന്ന് അടുത്തിടെ പുറത്താക്കപ്പെട്ട പ്രശാന്ത് കിഷോർ രൂക്ഷ വിമർശവുമായി രംഗത്തെത്തിയത്.
Discussion about this post