ന്യൂഡൽഹി: കൊവിഡ് ലോക്ക്ഡൗണിന് ഹോട്‌സ്‌പോട്ടുകൾ അല്ലാത്ത പ്രദേശങ്ങളിൽ ഇളവ് നൽകാനിരിക്കെ അതിഥി തൊഴിലാളികൾക്ക് സ്വന്തം നാട്ടിലേക്ക് പോകാനാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. തൊഴിലാളികളുടെ അന്തർ സംസ്ഥാന യാത്രകൾക്കു കർശന വിലക്കുണ്ടാകുമെന്നു കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരുകൾക്കു നിർദേശം നൽകിയിരിക്കുകയാണ്.
ലോക്ഡൗൺ കാരണം ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്ന അതിഥി തൊഴിലാളികൾ താമസസ്ഥലത്തിന് അടുത്തു തന്നെ ജോലി ലഭിക്കുന്നതിനായി പ്രാദേശിക ഭരണകൂടങ്ങളുമായി ബന്ധപ്പെടണമെന്നും കേന്ദ്രം അറിയിച്ചു.
നിലവിൽ താമസിക്കുന്ന സ്ഥലത്തുനിന്ന് അതിഥി തൊഴിലാളികളെ യാതൊരു കാരണവശാലും യാത്ര ചെയ്യാൻ അനുവദിക്കില്ല. സംസ്ഥാനം വിട്ടു പോകാൻ പാടില്ല. ഇപ്പോൾ ദുരിതാശ്വാസ ക്യാംപുകളിലും മറ്റുമായി കഴിയുന്നവർ തദ്ദേശ അധികൃതരുമായി ബന്ധപ്പെട്ട് വിവരങ്ങൾ റജിസ്റ്റർ ചെയ്യണം. ഇത് ഒരോരുത്തരുടെയും തൊഴിൽ മേഖലകൾ മലസ്സിലാക്കുന്നതിനും അതനുസരിച്ചുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതിനും സഹായിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഏപ്രിൽ 20 മുതൽ ഹോട്‌സ്‌പോട്ടുകൾ അല്ലാത്തിടത്ത് ഇളവുകൾ അനുവദിക്കുമെന്ന് സർക്കാർ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.
Discussion about this post