ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം ദിനം പ്രതി കൂടിവരുന്ന സാഹചര്യം കണക്കിലെടുത്ത് കര്‍ശന നിയന്ത്രണങ്ങള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് തമിഴ്‌നാട്. മേഖല തിരിച്ച് ഇളവുകള്‍ നല്‍കേണ്ടതില്ലെന്നാണ് അധികൃതരുടെ തീരുമാനം. അതേസമയം ചെന്നൈയില്‍ രണ്ട് പോലീസുകാര്‍ക്കും ഒരു മാധ്യമ പ്രവര്‍ത്തകനുമാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ദിനംപ്രതി രോഗബാധിതരുടെ എണ്ണവും തമിഴ്‌നാട്ടില്‍ വര്‍ധിക്കുകയാണ്. ആരോഗ്യ സെക്രട്ടറി നടത്തിയ വാര്‍ത്താ സമ്മേളനങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്ന റിപ്പോര്‍ട്ടര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചെന്നൈയിലെ പ്രമുഖ ദിനപത്രത്തിലെ ലേഖകനാണ് ഇദ്ദേഹം. ഇതേതുടര്‍ന്ന് ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയ എട്ട് മാധ്യമ പ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ചെന്നൈയിലെ ഒരു പൊലീസ് സ്റ്റേഷനിലെ എസ്‌ഐക്കും സേലം കുറിച്ചി സ്റ്റേഷനിലെ കോണ്‍സ്റ്റബളിനും കൊവിഡ് സ്ഥിരീകരിച്ചു.
റെഡ് സോണ്‍ മേഖലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ് ഇവര്‍. ഇവരുമായി ഇടപഴകിയ പത്ത് പോലീസുകാരും നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം 49 പേര്‍ക്ക് കൂടി കൊവിസ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 1372 കടന്നു. ഹോട്ട്‌സ്‌പോട്ടായ 22 ജില്ലകളിലും കടുത്ത നിയന്ത്രണം ഇപ്പോഴും തുടരുകയാണ്.