മൊറേന: രാജ്യത്തെ തന്നെ ആശങ്കയിലാക്കിയിരിക്കുന്ന കൊറോണ വൈറസ് ബാധയെ തുരത്താൻ അന്ധവിശ്വാസം പിന്തുടർന്ന് നാവ് മുറിച്ചെടുത്ത് യുവാവ്. ഗുജറാത്തിലെ ഒരു ഗ്രാമത്തിലാണ് സംഭവം. മധ്യപ്രദേശിലെ മോറേന ജില്ലക്കാരനായ വിവേക് ശർമ്മ(20)യാണ് അമ്പലത്തിലെത്തി വൈറസിനെ തുരത്താൻ നാവ് ബ്ലേഡ് കൊണ്ട് മുറിച്ചത്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഗുജറാത്തിലെ സുയ്ഗാമിലെ ഭവാനി മാത അമ്പലത്തിൽ ജോലി ചെയ്ത് വരുകയായിരുന്നു വിവേക്. സ്വപ്നത്തിൽ ദേവി പ്രത്യക്ഷപ്പെടുകയും നാവ് മുറിച്ച് കളഞ്ഞാൽ തന്റെ ഗ്രാമത്തിൽ നിന്ന് കൊറോണ വൈറസിനെ തുടച്ച് നീക്കാൻ കഴിയുമെന്ന് പറയുകയായിരുന്നുവത്രെ. തുടർന്ന് ഇയാൾ ജോലിചെയ്യുന്ന ക്ഷേത്രത്തിൽ നിന്നും 14 കിലോമീറ്റർ അകലെയുള്ള ഗുജറാത്തിലെ തന്നെ നടേശ്വരി മാതാ അമ്പലത്തിലെത്തി നാവ് മുറിക്കുകയായിരുന്നു.
മുറിച്ച നാവ് ഇയാളുടെ കൈയിൽ പിടിച്ച നിലയിലായിരുന്നുവെന്നാണ് ഇയാളെ ആശുപത്രിയിലെത്തിച്ച പോലീസ് സബ്ഇൻസ്പെക്ടർ എച്ച്ഡി പാർമർ പറഞ്ഞത്. പിന്നാലെ അമിത രക്തസ്രാവത്തെ തുടർന്ന് ബോധരഹിതനായ ഇയാളെ ബിഎസ്എഫ് അംഗങ്ങളാണ് ആശുപത്രിയിലെത്തിച്ചത്.
അതേസമയം ലോക്ക്ഡൗൺ കാലത്ത് പുറത്തിറങ്ങാതെയും മറ്റും വിഷാദത്തിലായതാണ് കുടിയേറ്റക്കാരനായ വിവേക് ശർമ്മയെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ഇത്തരം അന്ധവിശ്വാസങ്ങൾ പിന്തുടരരുതെന്നും കർശനമായി സർക്കാർ നിർദേശങ്ങൾ പാലിക്കണമെന്നും സാമൂഹിക അകലം പാലിച്ചും മാസ്ക്കുകൾ ധരിച്ചുമാണ് രോഗത്തെ തുരേേത്തണ്ടതെന്നും ബിഎസ്എഫ് വാർത്താകുറിപ്പിലൂടെ അറിയിച്ചു.
Discussion about this post