ഷിംല: ഹിമാചല്‍പ്രദേശില്‍ രോഗമുക്തി നേടിയ ആള്‍ക്ക് വീണ്ടും വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ കേസാണ് ഇത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 23 ആയി. രണ്ട് പേരാണ് വൈറസ് ബാധമൂലം ഇവിടെ മരിച്ചത്.
അതേസമയം ഡല്‍ഹി നിസാമുദ്ദീനില്‍ തബ് ലീഗ് സമ്മേളനത്തില്‍ പോയി തിരിച്ചെത്തിയ മറ്റൊരാള്‍ക്കും കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചു. ഉന സ്വദേശിയായ ഇയാള്‍ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചുവന്നയാളാണ്. എന്നാല്‍ തിരിച്ചെത്തി ഒരു മാസം കഴിഞ്ഞതിന് ശേഷമാണ് ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ കാണിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം പതിനയ്യായിരത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 957 പേര്‍ക്കാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഈ കണക്ക് പുറത്തുവിട്ടത്. വൈറസ് ബാധമൂലം ഇന്നലെ മാത്രം മരിച്ചത് 36 പേരാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 488 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പുതിയ കണക്ക് പ്രകാരം രാജ്യത്ത് ഇതുവരെ 14,792 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. നിലവില്‍ 12,289 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
Discussion about this post