ബംഗളൂരു: ലോക്ക് ഡൗണില്‍ വലയുന്ന ജനങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ എത്തിച്ച് നല്കാന് അഹോരാത്രം പ്രവര്‍ത്തിക്കുന്നവരാണ് പോലീസ് ഉദ്യോഗസ്ഥര്‍. ഇപ്പോള്‍ അതിന് ഉദാഹരണമാവുകയാണ് എസ് കുമാരസ്വാമി എന്ന പോലീസ് ഹെഡ്കോണ്‍സ്റ്റബിള്‍. കാന്‍സര്‍ രോഗിക്ക് മരുന്ന് എത്തിക്കാന്‍ ഇദ്ദേഹം സ്കൂട്ടറില്‍ സഞ്ചരിച്ചത് 430 കിലോമീറ്ററാണ്.
ബംഗളൂരുവില്‍നിന്ന് തന്റെ ആക്ടീവയില്‍ മരുന്നുമായി പോയി അത് നല്കി തിരിച്ചെത്തിയപ്പോഴേക്കും ഓഡോമീറ്ററില്‍ 860 കിലോമീറ്റര്‍ കടന്നുപോയിരുന്നു. ഒരു സ്വകാര്യ ചാനലില്‍ കാന്‍സര്‍ രോഗിക്ക് വേണ്ടിയുള്ള മരുന്നിനായുള്ള സഹായ അഭ്യര്‍ത്ഥന കണ്ടാണ് കുമാരസ്വമി ഈ ഉദ്യമത്തിലേയ്ക്ക് ഇറങ്ങി തിരിച്ചത്.
ചാനലില്‍ പ്രത്യക്ഷപ്പെട്ട ഉമേഷിനെ വിളിച്ച് കാര്യങ്ങള്‍ തിരക്കിയ ശേഷം ബംഗളൂരു ഇന്ദിരാനഗറിലുള്ള ഡിഎസ് റിസേര്‍ച്ച് സെന്ററില്‍ നിന്ന് മരുന്നുമായി ധാര്‍വാഡ് എന്ന സ്ഥലത്തേക്കു പുറപ്പെടുകയായിരുന്നു. മേലുദ്യോഗസ്ഥനായ എസിപി അജയ്കുമാര്‍ സിങ്ങില്‍ നിന്ന് അനുവാദം വാങ്ങിയായിരുന്നു യാത്ര.
പുലര്‍ച്ചെ 4 മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് 2.30യോടെ ഉമേഷിന്റെ വീട്ടിലെത്തിയെന്നും അവിടുന്ന് 4 മണിക്ക് തിരിച്ച് പിറ്റേ ദിവസം 10.30 അവസാനിച്ചുവെന്നും കുമാരസ്വാമി പറയുന്നു. രാത്രി വിശ്രമം ചിത്രദുര്‍ഗ്ഗയിലെ ഫയര്‍സ്റ്റേഷനിലായിരുന്നു. അത്യാവശ്യ മരുന്നു വേണ്ട രോഗിക്ക് ഇത്രയും അധികം ദൂരം സ്കൂട്ടറില്‍ സഞ്ചരിച്ച് മരുന്നു നല്കിയ കുമാരസ്വാമിക്ക് ഇപ്പോള്‍ അഭിനന്ദന പ്രവാഹമാണ്.
Discussion about this post