ന്യൂഡല്‍ഹി: ലോകം കണ്ട മഹാമാരിയായ കൊവിഡ് പ്രതിരോധത്തിനായി മൂന്ന് കോടി ധനസഹായം പ്രഖ്യാപിച്ച് ആഡംബര വാഹന നിര്‍മ്മതാക്കളായ ബിഎംഡബ്ല്യു. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെയും തമിഴ്നാട്ടിലെയും പ്രവര്‍ത്തനങ്ങള്‍ക്കാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുപുറമെ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണപിന്തുണയും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.
കൊറോണ വൈറസ് രാജ്യത്തെ ആരോഗ്യമേഖലയിലും വ്യാവസായിക മേഖലയിലും കടുത്ത ആഘാതമാണുണ്ടാക്കിയിട്ടുള്ളത്. ഈ മഹാമാരിയെ നേരിടാനുള്ള പ്രവര്‍ത്തനങ്ങളില്‍ ബിഎംഡബ്ല്യു പ്രതിജ്ഞാബദ്ധമാണ്. ഇതിന്റെ ഭാഗമായി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ബിഎംഡബ്ല്യു ഇന്ത്യ സിഇഒ രുദ്രതേജ് സിങ്ങ് അറിയിച്ചു.
ധനസഹായത്തിന് പുറമെ, ചെന്നൈയിലെ ബിഎംഡബ്ല്യു പ്ലാന്റിന് സമീപമുള്ള ചെങ്കല്‍പേട്ട് ജനറല്‍ ആശുപത്രിയില്‍ കൊറോണ ഐസോലേഷന് വാര്‍ഡ് ഒരുക്കുന്നതിനായി ബിഎംഡബ്ല്യു സഹായിക്കും. ഇതിനൊപ്പം ചെന്നൈയിലെയും ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ അടിയന്തര ചികിത്സയ്ക്കുള്ള ഉപകരണങ്ങള്‍ എത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഡല്‍ഹി, ചെന്നൈ എന്നീ സ്ഥലങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സുരക്ഷ ഉപകരണങ്ങള്‍ നല്‍കാനും കമ്പനി നടപടി സ്വീകരിക്കുന്നുണ്ട്. ഈ രണ്ടു സ്ഥലങ്ങളിലെയും ഭക്ഷ്യക്ഷാമം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണെന്നും ബിഎംഡബ്ല്യു ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
Discussion about this post