ലോക്ക് ഡൗൺ ലംഘിച്ച് സുഹൃത്തുക്കളെ വിളിച്ചു വരുത്തി ‘കൊറോണ സദ്യ’ എന്ന പേരുമിട്ട് ആഘോഷം; സദ്യയുടെ ചിത്രം ഫേസ്ബുക്കിലും; ഒടുവിൽ യുവാവിനെ പോലീസ് പൊക്കി അകത്തിട്ടു

ചെന്നൈ: ‘കൊറോണ സദ്യ’ എന്ന പേരിൽ സുഹൃത്തുക്കളെ വിളിച്ചുവരുത്തി സദ്യ ഊട്ടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം. സുഹൃത്തുക്കളെ വിളിച്ചുവരുത്തിയാണ് യുവാവ് ‘കൊറോണസദ്യ’ എന്ന പേരിൽ വിരുന്നൊരുക്കിയത്. ഇവർക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. തഞ്ചാവൂർ ത്യാഗസമുദ്രം ഗ്രാമത്തിലെ ശിവഗുരു (29) ആണ് സംഭവത്തിൽ അറസ്റ്റിലായത്.

സാമൂഹിക അകലം പാലിക്കാതെയും മറ്റു കോവിഡ് മാർഗ നിർദേശങ്ങൾ ലംഘിച്ചുമാണ് ഇവർ ഒത്തുകൂടിയതെന്ന് പോലീസ് അറിയിച്ചു. സദ്യ ഉണ്ണാൻ 50ലധികം പേർ എത്തിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

ലോക്ക് ഡൗൺ ലംഘിച്ച് കൂട്ടുകാരുമൊത്ത് ഒന്നിച്ചുകൂടി സദ്യ ഉണ്ണുന്നത് ഫേസ്ബുക്കിലിട്ടതോടെ സാമൂഹികമാധ്യമങ്ങളിൽ ദൃശ്യം വൈറലായിരുന്നു. ഇതേത്തുടർന്ന് വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ദിവ്യകുമാരി പോലീസിൽ പരാതി നൽകുകയായിരുന്നു.

തിരുപ്പൂരിൽ ജോലിചെയ്തിരുന്ന ശിവഗുരു രണ്ടുമാസം മുമ്പാണ് നാട്ടിലെത്തിയത്. ബുധനാഴ്ച സുഹൃത്തുക്കളെ വിളിച്ചുവരുത്തി ആഹാരം പാകം ചെയ്ത് ഒരുമിച്ചിരുന്ന് ഉണ്ണുകയായിരുന്നു.

അതേസമയം തങ്ങൾ തമാശയ്ക്കുവേണ്ടിയാണ് സദ്യയൊരുക്കി ഒത്തുചേർന്നതെന്നാണ് ശിവഗുരു പോലീസിനു നൽകിയ മൊഴി.

Exit mobile version