മുംബൈ: മുംബൈയിലെ സ്ഥിതി ഗുരുതരാവസ്ഥയിലേയ്ക്ക് നീളുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെയാണ് കൊവിഡ് 19 സ്ഥിരീകരിക്കുന്നത്. ഇന്ന് 28 മലയാളി നഴ്‌സുമാര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഒപ്പം ഒരു ഡോക്ടര്‍ക്കും വൈറസ് ബാധയേറ്റിട്ടുണ്ട്. ജസ്ലോക് ആശുപത്രിയില്‍ 26 മലയാളി നഴ്‌സുമാരടക്കം 31 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഇവരെല്ലാം നിരീക്ഷണത്തിലായിരുന്നു. ആശുപത്രിയിലെ നാല് മലയാളി നഴ്‌സുമാര്‍ക്ക് നേരത്തെ രോഗം പിടിപെട്ടിരുന്നു. ഇവരില്‍നിന്നാണ് 26 പേര്‍ക്കും വൈറസ് പകര്‍ന്നതെന്നാണ് ലഭിക്കുന്ന വിവരം. ഇതിനു പുറമെ, ബോംബെ ആശുപത്രിയിലെ 12 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് പേര്‍ മലയാളികളാണ്. ഒരാള്‍ ഡോക്ടറും മറ്റൊരാള്‍ നഴ്‌സുമാണ്.
മുംബൈയില്‍ ഒരു മലയാളി ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. കഴിഞ്ഞ ദിവസം രാത്രി പുറത്തുവിട്ട കണക്ക് പ്രകാരം ഭാട്ട്യ ആശുപത്രിയിലെ മലയാളി നഴ്‌സിനും പുതുതായി വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മഹാരാഷ്ട്രയില്‍ കൊവിഡ് രോഗം പിടിപ്പെട്ടത് 100ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ്.