മുംബൈ: ധാരാവിയില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം നൂറ് കടന്നു. കഴിഞ്ഞ ദിവസം പുതുതായി പതിനഞ്ച് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 101 ആയി ഉയര്‍ന്നു. ഇതുവരെ പത്ത് പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്. അതേസമയം എട്ട് ലക്ഷത്തിലധികം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ സാമൂഹിക അകലം പാലിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ചേരിയില്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആരോഗ്യ പ്രവര്‍ത്തകരും ആശങ്കയിലാണ്.
നിലവില്‍ ധാരാവി ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനു പുറമെ ധാരാവിയില്‍ ഒമ്പത് കണ്ടൈന്‍മെന്റ് ഏരിയകള്‍ വേര്‍തിരിച്ചിട്ടുണ്ട്. പോലീസ് ഇവിടെ ബാരിക്കേഡുകള്‍ സ്ഥാപിച്ച് അകത്തേയ്ക്കുള്ള പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണ്. ആളുകളോട് വീടിന് പുറത്തേക്ക് ഇറങ്ങരുതെന്ന് കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് അവശ്യ വസ്തുക്കള്‍ വീട്ടിലെത്തിക്കാനുള്ള സംവിധാനവും അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുംബൈയില്‍ ഇതുവരെ 2073 കൊവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതര്‍ ഉള്ളത് മഹാരാഷ്ട്രയിലാണ്. ഇതുവരെ 3205 പേര്‍ക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 194 പേരാണ് ഇവിടെ മരിച്ചത്.
അതേസമയം രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം പതിനാലായിരം കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പുതിയ കണക്ക് പ്രകാരം ഇതുവരെ 14,378 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 32 പേരാണ്. ഇതോടെ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 480 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1076 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 11,906 പേരാണ് ചികിത്സയില്‍ കഴിയുന്നത്.