ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിനായി ചൈന സംഭാവന ചെയ്ത പിപിഇ കിറ്റുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ക്ഷാമം നേരിടുന്നതിനിടെ ചൈനയില്‍നിന്ന് എത്തിച്ച പിപിഇ കിറ്റുകള്‍ക്കാണ് ഇപ്പോള്‍ ഗുണനിലവരമില്ലെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയിരിക്കുന്നത്. ഏപ്രില്‍ അഞ്ചിന് 1,70,000 പിപിഇ കിറ്റുകളാണ് ഇന്ത്യയിലെത്തിയത്. അതില്‍ 50,000 എണ്ണമാണ് ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടത്.
രണ്ട് തവണയായി എത്തിയ 30,000, 10,000 പിപിഇ കിറ്റുകളും ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെടുകയും ചെയ്തു. ഗ്വാളിയോറിലെ ഡിആര്‍ഡിഒ ലബോറട്ടറിയിലാണ് കിറ്റുകള്‍ പരിശോധനയ്ക്ക് അയച്ചത്. സിഇ/എഫ്ഡിഎ അംഗീകാരമുള്ള കിറ്റുകള്‍ മാത്രമാണു സ്വീകരിക്കുന്നതെന്നാണു സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍ സംഭാവനയെന്ന രീതിയില്‍ ലഭിച്ച കിറ്റുകളാണ് ഉപയോഗിക്കാന്‍ സാധിക്കില്ലെന്നു വ്യക്തമായത്.
ഇന്ത്യയിലെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വന്‍ കമ്പനികളാണ് ഈ കിറ്റുകള്‍ സംഭാവന നല്‍കിയത്. കിറ്റുകളുടെ ക്ഷാമം പരിഹരിക്കാന്‍ ഒരു സിംഗപ്പൂര്‍ കമ്പനിയില്‍നിന്ന് പത്തു ലക്ഷം കിറ്റുകളും ഇന്ത്യ വാങ്ങുന്നുണ്ട്. ഇത്തരം മാസ്കുകളെല്ലാം നിര്‍മ്മിച്ചത് ചൈനയില്‍നിന്നാണ്. മേയ് ആദ്യ ആഴ്ചയില്‍ ഈ സ്യൂട്ടുകളെല്ലാം ആവശ്യമാണെന്നു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Discussion about this post