ഹൈദരാബാദ്: ആശുപത്രിയിൽ പോകാൻ വാഹനം കിട്ടാതെയും പോലീസുകാരുടെ നിസ്സഹകരണത്തെ തുടർന്നും യുവതിക്ക് തെരുവിൽ പ്രസവിക്കേണ്ട അവസ്ഥ വന്നിരിക്കുകയാണ്. തെലങ്കാന സൂര്യാപേട്ടയിലാണ് സംഭവം. പോലീസ് റോഡ് തടസപ്പെടുത്തിയതിനെ തുടർന്ന് ഭർത്താവിന് യുവതിയെ സ്കൂട്ടറിൽ ആശുപത്രിയിൽ എത്തിക്കാനാകാതെ വന്നതോടെയാണ് യുവതി വഴിയരികിൽ സമീപവാസികളുടെ സഹായത്തോടെ പെൺകുഞ്ഞിന് ജന്മം നൽകിയത്.
അണ്ണാദുരൈനഗറിൽ താമസിക്കുന്ന ഡി വെങ്കണ്ണയുടെ ഭാര്യ രേഷ്മയാണ് വഴിയരികിൽ പ്രസവിച്ചത്. കഴിഞ്ഞ രാത്രി രേഷ്മയ്ക്ക് പ്രസവവേദയുണ്ടായിരുന്നു. രാത്രിയിൽത്തന്നെ വെങ്കണ്ണ ആംബുലൻസ് വിളിച്ചെങ്കിലും ആംബുലൻസ് എത്തിയില്ല. ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ ഒരു മാർഗ്ഗവും ഇല്ലാതെ വന്നതോടെ പുലർച്ചയോടടുത്ത് വെങ്കണ്ണ ഭാര്യയെ സ്കൂട്ടറിൽ ഇരുത്തി സൂര്യാപ്പെട്ടിലെ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു.
എന്നാൽ, വഴിയിൽ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് വാഹന ഗതാഗതം തടസപ്പെടുത്തിയിട്ടുണ്ടായിരുന്നു. സ്ഥലത്ത് പോലീസുകാർ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നുമില്ല. തുടർന്ന് വെങ്കണ്ണ ഭാര്യയെ റോഡരികിൽ ഇരുത്തി അടുത്തുള്ള പോലീസ് സ്റ്റേഷനിലെത്തി തന്റെ അവസ്ഥ വിവരിക്കുകയും ആശുപത്രിയിൽ എത്തുന്നതിന് ബാരിക്കേഡ് നീക്കിത്തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ബാരിക്കേഡ് നീക്കില്ലെന്നും ആവശ്യമെങ്കിൽ സ്വയം നീക്കിക്കൊള്ളാനും പോലീസ് വെങ്കണ്ണയോട് പറഞ്ഞു. തിരികെ വെങ്കണ്ണ ഭാര്യയ്ക്കരികെ എത്തിയപ്പോഴേക്കും അവർ പ്രസവവേദനകൊണ്ട് പുളയുകയായിരുന്നു. അധികം വൈകാതെ റോഡരികിൽ തന്നെ ഭാര്യ പ്രസവിച്ചു. വെങ്കണ്ണയുടെയും ഭാര്യയുടെയും നിലവിളി കേട്ട് പരിസരവാസികളായ സ്ത്രീകൾ സഹായിക്കാനായി എത്തിയതോടെ അൽപ്പം ആശ്വാസമായി.
സർക്കാർ ആശുപത്രിക്ക് ഒരു കിലോമീറ്റർ മാത്രം അകലെയാണ് ഈ ദാരുണ സംഭവം. പരിസരവാസികളുടെ ഏറെനേരത്തെ ശ്രമത്തിനൊടുവിലാണ് ഒരു ആംബുലൻസ് എത്തിച്ച് അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റിയത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
Discussion about this post