ഷില്ലോങ്: നാട്ടുകാർക്ക് മികച്ച ചികിത്സ ഉറപ്പുനൽകി ജനകീയനെന്ന് ഇത്രനാളും വാഴ്ത്തപ്പെട്ടിരുന്ന ഡോക്ടർക്ക് ഒടുവിൽ അന്ത്യാഭിലാഷം പോലും പൂർത്തിയാക്കാനാകാതെ നിത്യവിശ്രമം. ഷില്ലോങിൽ രോഗികൾക്കായി ജീവിതമുഴിഞ്ഞു വെച്ച ഡോക്ടർക്കാണ് അവസാനം കൊവിഡ് രോഗം ബാധിച്ച് മരണം സംഭവിച്ചതോടെ നാട്ടുകാരുടെ തമസ്കരണത്തിന് ഇരയാകേണ്ടി വന്നത്.
ശവസംസ്കാരത്തിന് നാട്ടുകാർ സമ്മതിക്കാതെ വന്നതോടെ ഇരുപത് കൊല്ലമായി ഷില്ലോങ്ങിൽ പ്രവർത്തിച്ചുവരുന്ന സ്വന്തം ആശുപത്രിയിൽ മരണശേഷം അദ്ദേഹത്തിന്റെ ഭൗതികശരീരം അന്ത്യവിശ്രമത്തിനായി കാത്തു കിടന്നത് 36 മണിക്കൂറാണ്. നോങ്പോയിലെ എസ്റ്റേറ്റിൽ അദ്ദേഹത്തെ സംസ്കരിക്കരിക്കണമെന്ന ആഗ്രഹം നാട്ടുകാരുടെ എതിർപ്പ് മൂലം മാറ്റേണ്ടി വരികയായിരുന്നു.
മേഘാലയയിലെ ആദ്യ സ്വകാര്യആശുപത്രികളിലൊന്നിന്റെ സ്ഥാപകനാണ് മരിച്ച 69കാരനായ ഈ ഡോക്ടർ. കൊറോണ ബാധയെ തുടർന്നാണ് മരണം സംഭവിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ തന്നെ സ്ഥലത്ത് മൃതദേഹം സംസ്കരിക്കാനുള്ള കുടുംബാംഗങ്ങളുടെ ശ്രമം നാട്ടുകാർ ഇടപെട്ട് തടഞ്ഞു. കൊറോണബാധിച്ച് മരിച്ചയാളെ തങ്ങളുടെ പ്രദേശത്ത് സംസ്കരിക്കാൻ അനുവദിക്കില്ലെന്ന് അവർ എതിർത്തു. മേഘാലയയിൽ ആദ്യം കോവിഡ് സ്ഥിരീകരിച്ച വ്യക്തിയാണ് ഈ ഡോക്ടർ.
സേവനമികവിനും ഉദാരമായ ചികിത്സയ്ക്കും പ്രശസ്തമായ ഈ സ്വകാര്യ ആശുപത്രിയുടെ സ്ഥാപകനായ ഡോക്ടർക്കും കുടുംബാംഗങ്ങൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റും ഇവർക്ക് നേരെ പ്രതിഷേധവും ഉയർന്നിരുന്നു.
ഒടുവിൽ രംഗം വഷളായതോടെ വിഷയത്തിൽ സർക്കാർ ഇടപെട്ടാണ് തീരുമാനമുണ്ടാക്കിയത്. റിയാത് സാംതിയ പ്രെസ്ബൈറ്റീരിയൻ പള്ളി അധികൃതർ സംസ്കാരം പള്ളിയിൽ നടത്താൻ അനുമതി നൽകി. ഡോക്ടറുടെ മൃതദേഹം പള്ളി സെമിത്തേരിയിൽ പ്രോട്ടോക്കോൾ പ്രകാരം വ്യാഴാഴ്ച സംസ്കരിച്ചു. ഈ സന്ദർഭത്തിൽ കരുണ കാണിക്കുകയാണ് ആവശ്യമെന്നും അതിന് തയ്യാറായ പള്ളി അധികൃതരോട് നന്ദി അറിയിക്കുന്നതായും കോൺറാഡ് സാങ്മ ട്വിറ്ററിലൂടെ പറഞ്ഞു. പള്ളി സെമിത്തേരിയിൽ ഒഴികെ മറ്റെവിടെയും ഡോക്ടറുടെ മൃതദേഹം സംസ്കരിക്കാൻ അനുമതി നേരത്തെ ലഭിച്ചിരുന്നില്ല.
ഡോക്ടറുടെ മൂന്ന് അകന്ന ബന്ധുക്കൾ മാത്രമാണ് പള്ളിയിൽ നടന്ന സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തത്. ഡോക്ടറുടെ കുടുംബാംഗങ്ങളിൽ ആറ് പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഡോക്ടറുടെ രണ്ട് സഹായികളും ഉൾപ്പെടെ ഡോക്ടറുമായി സമ്പർക്കം പുലർത്തിയ എട്ട് പേർക്ക് ഇതു വരെ രോഗം സ്ഥിരീകരിച്ചു. ഡോക്ടറുടെ മകളുടെ ഭർത്താവ് ന്യൂയോർക്ക്, ഡൽഹി എന്നിവടങ്ങളിൽ മാർച്ച് മാസത്തിൽ സന്ദർശനം നടത്തിയിരുന്നു. മാർച്ച് 24 നാണ് ഇയാൾ ഷില്ലോങ്ങിൽ മടങ്ങിയെത്തിയത്. എന്നാൽ ഡോക്ടർക്ക് രോഗബാധയുണ്ടായത് എങ്ങനെയെന്നുള്ള കാര്യം വ്യക്തമല്ല.
Discussion about this post