ന്യൂഡല്‍ഹി: വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ തടയാനാവാതെ ആശങ്കയിലാണ് രാജ്യം. അതിനിടെ മരണസംഖ്യയും കുതിച്ചുയരുന്നത് രാജ്യത്തെ പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 28 കൊറോണ മരണവും 826 പുതിയ കേസുകളും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മാത്രം 8 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. ഡല്‍ഹിയില്‍ 6 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 448 പേരാണ് രോഗം ബാധിച്ച് മരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 13430ഉം ആയി ഉയര്‍ന്നു.
11234 പേരാണ് കൊറോണ ചികിത്സയിലുള്ളത്. ഡല്‍ഹിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 1640 ആയി. കഴിഞ്ഞദിവസം 62 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഭോപ്പാലില്‍ 120ഉം ഗുജറാത്തില്‍ 58ഉം പേര്‍ക്ക് പുതിയതായി രോഗം റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 929 ആയി.
302956 സാമ്പിളുകള്‍ ഇതുവരെ കൊറോണ പരിശോധനയ്ക്ക് വിധേയമാക്കിയെന്ന് ഐസിഎംആര്‍ അറിയിച്ചു. രാജ്യത്ത് ആകെ 370 ജില്ലകളില്‍ കൊറോണ സ്ഥിരീകരിച്ചുവെന്നും ഇതുവരെ 324 ജില്ലകളില്‍ ഒരു കൊറോണ കേസു പോലും സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രമന്ത്രിമാരുടെ സമിതി ഇന്ന് രാവിലെ 11 മണിയ്ക്ക് യോഗം ചേരും.
Discussion about this post