ഗുജറാത്ത്: ഗുജറാത്തിലെ ഉനയില്‍ നടന്ന ദളിത് വിരുദ്ധ അക്രമത്തിലെ ഇരകള്‍ ദയാവധം ആവശ്യപ്പെട്ട് രാഷട്രപതിക്ക് കത്തയച്ചു. സംഭവത്തില്‍ ഇതുവരെയും നീതി ലഭിച്ചിട്ടില്ല. ഞങ്ങളുടെ ജീവിത മാര്‍ഗ്ഗം നഷ്ടപ്പെട്ടിരിക്കുന്നു ജീവിക്കുന്നതിന് വേറെ വഴികള്‍ ഇല്ലാത്തതിനാല്‍ ദയാവധം അനുവദിക്കൂ എന്ന് ഇരകള്‍ കുറിക്കുന്നു. ഇരകളിലൊരാള്‍ നീതിക്കായി ഡിസംബര്‍ ഏഴ് മുതല്‍ മരണം വരെ നിരാഹാര സമരം നടത്തുമെന്നും അറിയിച്ചു.
2016 ജൂലൈ 11 നായിരുന്നു ഉനയിലെ ദളിതര്‍ക്ക് നേരെ അക്രമിസംഘം അതിക്രമം നടത്തിയത്. ചത്ത പശുവിന്റെ തോലുരിയുകയായിരുന്ന ഇവരെ ഗോരക്ഷാപ്രവര്‍ത്തകര്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. വര്‍ഷ്റാം, സഹോദരന്‍ രമേഷ്, അച്ഛന്‍ ബാലു, അമ്മ കുന്‍വാര്‍ എന്നിവരടങ്ങുന്ന എട്ട് ദളിതര്‍ക്കുനേരെയായിരുന്നു മനസ്സാക്ഷിയെ മരവിക്കുന്ന തരത്തിലുള്ള അതിക്രമം നടന്നത്. ക്രൂര മര്‍ദ്ദനത്തിന് ഇരകളായവരില്‍ ഒരാള്‍ ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു.
സംഘ്പരിവാറിന്റെ ഈ മൃഗീയ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുകയും അക്രമണത്തിനെതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. സംഭവത്തിനുശേഷം ഗുജറാത്തില്‍ ജിഗ്‌നേഷ് മേവാനിയുടെ നേതൃത്വത്തില്‍ ദളിത് മഹാറാലിയും സംഘടിപ്പിച്ചിരുന്നു.
തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍ ആക്രമണത്തില്‍ ഇരകളായ എല്ലാവര്‍ക്കും വലിയ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. എല്ലാവര്‍ക്കും അഞ്ച് ഏക്കര്‍ ഭൂമി വീതം അനുവദിക്കും.യോഗ്യതകള്‍ പരിശോധിച്ച് സര്‍ക്കാര്‍ ജോലി നല്‍കും.ഇരകളെ മോട്ട സമധ്യാല ഗ്രാമത്തില്‍നിന്നും മാറ്റിപ്പാര്‍പ്പിക്കും തുടങ്ങിയവയായിരുന്നു ആനന്ദി ബെന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന വാഗ്ദാനങ്ങള്‍.
എന്നാല്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നു പോലും പാലിക്കപ്പെട്ടില്ലെന്നും വാഗ്ദാനം പാലിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഇരകളിലൊരാളായ വര്‍ഷ്റാം സര്‍വയ്യ കത്തില്‍ വ്യക്തമാക്കി.
ആക്രമണത്തിനുശേഷം മാടുകളുടെ തൊലിയുരിയുന്ന പരമ്പരാഗത തൊഴില്‍ ഉപേക്ഷിക്കേണ്ടിവന്നെന്നും വര്‍ഷ്റാം പറയുന്നു. ഇതോടെ ഉപജീവനമാര്‍ഗം ഇല്ലാതായി. ഇനിയും ഇത് തുടര്‍ന്നാല്‍ ഞങ്ങള്‍ പട്ടിണികിടന്ന് മരിക്കുമെന്ന് ഉറപ്പാണ്. സര്‍ക്കാരിനോട് നേരിട്ടും നിവേദനങ്ങളയച്ചും പല തവണ ഇക്കാര്യങ്ങളെല്ലാം ബോധിപ്പിച്ചതാണ്. പക്ഷേ, ഞങ്ങളുടെ പ്രശ്നങ്ങള്‍ പരിഗണിക്കാനോ ഒരു ചെറുവിരല്‍പോലും അനക്കാനോ ഗുജറാത്തിലെ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. ഞങ്ങളുടെ ജീവിതം ദുരിതമയമാണ്. ഞങ്ങള്‍ക്ക് ഇങ്ങനെ ജീവിക്കണ്ട. ദയവായി ഞങ്ങള്‍ക്ക് ദയാവധം അനുവദിക്കണം. ജീവിതം വഴിമുട്ടിയ അവസ്ഥയില്‍ മരിക്കുകയല്ലാതെ മറ്റുമാര്‍ഗങ്ങളൊന്നും ഇരകള്‍ക്ക് മുന്നിലില്ലെന്നാണ് വര്‍ഷ്റാം കത്തിലുടനീളം വ്യക്തമാക്കുന്നു.