ലോക്ക് ഡൗണിനിടെ പരിഭ്രാന്തിയിലാഴ്ത്തി റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നോട്ടുകള്‍; പോലീസ് അന്വേഷണം ആരംഭിച്ചു

ഇന്‍ഡോര്‍: കോവിഡ് ഭീതിയ്ക്കിടെ റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നോട്ടുകള്‍ കണ്ടെത്തി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. കോവിഡ് 19 ഹോട്ട്സ്പോട്ടായി കണ്ടെത്തിയിട്ടുള്ള പ്രദേശമാണ് ഇന്‍ഡോര്‍. 20, 50, 100, 200, 500 രൂപയുടെ നോട്ടുകളാണ് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് റോഡരികില്‍ കണ്ടെത്തിയത്.

പ്രദേശവാസികള്‍ വിവരം അറിയിച്ചതോടെ പോലീസ് സ്ഥലത്തെത്തി. അതീവ ജാഗ്രതയോടെ നോട്ടുകളെല്ലാം ശേഖരിച്ച പോലീസ്, അവയെ അണുവിമുക്തമാക്കി. പണം നഷ്ടപ്പെട്ടുവെന്ന് അവകാശപ്പെട്ട് ഇതുവരെ ആരും പോലീസിനെ സമീപിച്ചിട്ടില്ല. 6480 രൂപയാണ് പോലീസിന് ലഭിച്ചത്.

പണം ആരുടെയെങ്കിലും കൈയ്യില്‍നിന്ന് നഷ്ടപ്പെട്ടതാണോ ആരെങ്കിലും മന:പ്പൂര്‍വം ഉപേക്ഷിച്ചതാണോ എന്ന് കണ്ടെത്തണം. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 554 കോവിഡ് 19 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. 37 പേര്‍ ഇവിടെ കൊറോണ വൈറസ് ബാധമൂലം മരിച്ചു. മധ്യപ്രദേശിലാകെ 998 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

Exit mobile version