അഹമ്മദാബാദ്: റാഫേല്‍ ഇടപാടിലെ അഴിമതിയെ കുറിച്ച് വിശദമായി രാജ്യത്തെ അറിയിച്ച മാധ്യമത്തിനെതിരെ അനില്‍ അംബാനിയുടെ റിലയന്‍സ് കമ്പനീസ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. ദി വയറിനെതിരെയാണ് 6000 കോടിയുടെ നഷ്ടപരിഹാരക്കേസ് റിലയന്‍സ് നല്‍കിയിരിക്കുന്നത്.
‘റാഫേല്‍ ഇടപാട് : വിവാദം അടുത്തറിയാം’ എന്ന വീഡിയോ ചര്‍ച്ച 2018 ആഗസ്റ്റ് 23 നായിരുന്നു ദി വയര്‍ പ്രസിദ്ധീകരിച്ചത്. റാഫേല്‍ ഇടപാടിലെ വിവാദവുമായി ബന്ധപ്പെട്ട് നടത്തിയ വീഡിയോ ഷോ റിലയന്‍സിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംഘടിപ്പിച്ചു എന്നാരോപിച്ച് അമ്മദാബാദ് സിറ്റി സിവില്‍ കോടതിയിലാണ് റിലയന്‍സ് കേസ് ഫയല്‍ ചെയ്തത്.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അജയ് ശുക്ള, ദി വയറിന്റെ സ്ഥാപക എഡിറ്റര്‍ എംകെ വേണു എന്നിവരായിരുന്നു അന്ന് ചര്‍ച്ചയില്‍ പങ്കെടുത്തത്. ദേശീയ പ്രതിരോധ വിശകലന വിദഗ്ദന്‍ ഹാപ്പിമോന്‍ ജേക്കബായിരുന്നു ചര്‍ച്ച നയിച്ചത്. ദി വയറിന്റെ സ്ഥാപക എഡിറ്റര്‍ക്കും ശുക്ലക്കും ദി വയര്‍ ഓഫീസ് മാനേജര്‍ എന്നിവര്‍ക്കെതിരെയാണ് റിലയന്‍സ് കേസ് കൊടുത്തിരിക്കുന്നത്.
അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള പുതിയ കേസ് റാഫേല്‍ ഇടപാടിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ മാധ്യമങ്ങള്‍ ചോദിക്കാതിരിക്കാനും മാധ്യമ പ്രവര്‍ത്തനത്തെ നിശബ്ദരാക്കാനുമുള്ള ശ്രമമാണ് ഇതെന്ന് വയറിന്റെ എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജന്‍ പ്രതികരിച്ചു.