ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനിടെ ആവശ്യമായ പിപിഇ കിറ്റുകളുടെ ക്ഷാമം ഗുരുതരമാകുന്നു. രാജ്യത്ത് പിപിഇ കിറ്റുകളുടെ ഉത്പാദനം കൂട്ടുകയും ചൈനയിൽ നിന്ന് കിറ്റുകൾ ലഭിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ആവശ്യമായ പിപിഇ കിറ്റുകൾ ലഭ്യമല്ലെന്നാണ് വിവരം. രാജ്യത്തെ ആരോഗ്യപ്രവർത്തകർക്കിടിയിൽ പിപിഇ കിറ്റുകളുടെ ക്ഷാമം ആശങ്ക സൃഷ്ടിക്കുകയാണ്. ഇതിനിടെയാണ് ചൈന നൽകിയ പിപിഇ കിറ്റുകളിൽ പലതും ഉപയോഗിക്കാൻ സാധിക്കാത്തതാണെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നത്.
ഇന്ത്യക്ക് കൊവിഡിനെ നേരിടാൻ 170,000 പിപിഇ കിറ്റുകളാണ് ചൈന നൽകിയിരുന്നത്. ലോകത്ത് പിപിഇ കിറ്റുകൾ ഏറ്റവും അധികം ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ചൈന. ഏപ്രിൽ അഞ്ചിനാണ് ചൈനയിൽ നിന്നുള്ള പിപിഇ കിറ്റുകൾ ഇന്ത്യയിൽ എത്തിയത്. എന്നാൽ, അതിൽ 50,000 കിറ്റുകൾ ഉപയോഗശൂന്യമാണെന്നാണ് ഇക്കോണമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
30,000വും 10,000വും പിപിഇ കിറ്റുകൾ ലഭിച്ച മറ്റൊരു ഇടപാടിലും ഉപയോഗശൂന്യമായ പിപിഇ കിറ്റുകൾ ധാരാളം ഉൾപ്പെട്ടിട്ടുണ്ട്. ഗ്വാളിയാറിലെ ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ ലബോറട്ടറിയിലാണ് കിറ്റുകൾ സുരക്ഷാ പരിശോധന നടത്തിയത്. ഇവിടെ പരിശോധനയിൽ അംഗീകരിച്ച പിപിഇ കിറ്റുകൾ മാത്രമാണ് ഇന്ത്യയിൽ ഉപയോഗിക്കുക.
എന്നാൽ, ചൈനയിൽ നിന്നെത്തിയ പിപിഇ കിറ്റുകളിൽ പലതും ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയതോടെ ഇവ ഉപയോഗപ്പെടുത്താൻ സാധിക്കാത്ത അവസ്ഥയിലാണ്. ഇന്ത്യയിലെ ചില വലിയ സ്വകാര്യ കമ്പനികൾ സംഭാവനയായി നൽകിയ പിപിഇ കിറ്റുകളാണ് സുരക്ഷാ പരിശോധനയിൽ പരാജയപ്പെട്ടത്.
ക്ഷാമം രൂക്ഷമായതോടെ ഒരു മില്യൺ പിപിഇ കിറ്റുകൾക്കുള്ള ഓർഡർ ഇന്ത്യ നൽകി കഴിഞ്ഞു. മേയ് ആദ്യ വാരത്തോടെ കൂടുതൽ പിപിഇ കിറ്റുകൾ ഇന്ത്യയിൽ എത്തും. രണ്ട് മില്യൺ പിപിഇ കിറ്റുകളാണ് രാജ്യത്തിന് ആവശ്യമുള്ളത്.