ന്യൂഡൽഹി: കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 400 കടന്നു. കടുത്ത ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് ഇടയിലും മരണസംഖ്യ ഉയരുന്നത് ആശങ്കയ്ക്ക് കാരണമായിരിക്കുകയാണ്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ട കണക്ക് പ്രകാരം ഇതുവരെ 414 പേരാണ് രാജ്യത്ത് കൊവിഡ് മൂലം മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 37 മരണവും റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 12,380 ആയും വർധിച്ചു. 10,477 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. 1,489 പേർ പൂർണമായും രോഗമുക്തരായി. കൊവിഡ് കൂടുതൽ നാശംവിതച്ച മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 2,916 ആയി. 187 പേർ മരിച്ചു. ഡൽഹിയിൽ മരണം 32 ആയി. രോഗബാധിതർ 1500 കടന്നു. തമിഴ്‌നാട്ടിൽ 1242 പേർക്കും രാജസ്ഥാനിൽ 1076 പേർക്കും വൈറസ് സ്ഥിരീകരിച്ചു.
മധ്യപ്രദേശിൽ മരണസംഖ്യ 53 ആയി ഉയർന്നു. രോഗികളുടെ എണ്ണം ആയിരത്തോടടുക്കുന്നു. ഗുജറാത്തിലും ഉത്തർപ്രദേശിലും രോഗികൾ 700 കടന്നു. തെലങ്കാനയിൽ 650 പേർക്കും ആന്ധ്രാപ്രദേശിൽ 525 പേർക്കും വൈറസ് സ്ഥിരീകരിച്ചു. ആദ്യം രോഗം സ്ഥിരീകരിച്ച കേരളം ഇപ്പോൾ രോഗബാധിതരുടെ എണ്ണത്തിൽ പത്താം സ്ഥാനത്താണ്. കേരളത്തിൽ 387 രോഗികളാണുള്ളത്. രണ്ട് പേർ ഇതുവരെ മരിച്ചു.
Discussion about this post