തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിയന്ത്രണത്തിന്റെ ഭാഗമായി കോവിഡ് വ്യാപന സാധ്യതയുള്ള കേരളത്തിലെ ഏഴ് ജില്ലകളെ കേന്ദ്രം ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു.
തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, വയനാട് എന്നീ ജില്ലകളെയാണ് കോവിഡ് വ്യാപനത്തിന് കൂടുതല്‍ സാധ്യതയുള്ള ജില്ലകളുടെ പട്ടികയില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം വയനാട് ജില്ല പൂര്‍ണമായും ഹോട്ട് സ്പോട്ട് അല്ല. ജില്ലയിലെ ചില മേഖലകളെ മാത്രമാണ് ഹോട്ട് സ്പോട്ടായി കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്.
തൃശൂര്‍, കൊല്ലം, ഇടുക്കി, പാലക്കാട്, ആലപ്പുഴ, കോട്ടയം എന്നീ ആറ് ജില്ലകളെ രോഗബാധ തീവ്രമല്ലാത്ത (നോണ്‍ ഹോട്ട് സ്പോട്ട്) ജില്ലകളുടെ പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിലവില്‍ കോഴിക്കോട് ജില്ല മാത്രമാണ് കോവിഡ് രോഗികള്‍ ഇല്ലാത്ത ഗ്രീന്‍ സോണ്‍ പട്ടികയിലുള്ളത്. മറ്റു ജില്ലകളും രോഗവ്യാപന സാധ്യതയുള്ള ജില്ലകളായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കണക്കാക്കിയിരിക്കുന്നത്.
തീവ്രമേഖലയില്‍ ഉള്‍പ്പെട്ട ജില്ലയില്‍ തുടര്‍ച്ചയായി 14 ദിവസം പുതിയ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കില്‍ ആ ജില്ലയെ നോണ്‍ സ്പോട്ട് അഥവാ ഓറഞ്ച് പട്ടികയിലേക്ക് മാറ്റും. ഓറഞ്ച് പട്ടികയില്‍ ഉള്‍പ്പെട്ട ജില്ലയില്‍ തുടര്‍ച്ചയായി 14 ദിവസവും പുതിയ കോവിഡ് രോഗികള്‍ ഉണ്ടായില്ലെങ്കില്‍ ആ ജില്ലയെ ഗ്രീന്‍ സോണിലേക്ക് മാറ്റും.
രാജ്യത്തെ 170 ജില്ലകളെയാണ് കോവിഡ് ഹോട്ട് സ്പോട്ടുകളായി കേന്ദ്ര ആരോഗ്യമന്ത്രാലയം കണ്ടെത്തിയിരിക്കുന്നത്. ഹോട്ട്സ്പോട്ടുകളില്‍പ്പെടുന്ന എല്ലാവരെയും പരിശോധിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി കേന്ദ്രം പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കിയിരുന്നു.
ഹോട്ട് സ്പോട്ടുകള്‍, നോണ്‍ ഹോട്ട് സ്പോട്ടുകള്‍, ഗ്രീന്‍ സ്പോട്ടുകള്‍ എന്നിങ്ങനെ രാജ്യത്തെ ജില്ലകളെ മൂന്നായി തിരിച്ചാണ് കോവിഡ് പ്രതിരോധത്തിന്റെ അടുത്ത ഘട്ടമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഹോട്ട് സ്പോട്ടുകള്‍ തീവ്രമേഖലയും നോണ്‍ ഹോട്ട് സ്പോട്ടുകള്‍ രോഗംപടരാന്‍ സാധ്യതയുള്ള മേഖലയുമാണ്. ഹോട്ട് സ്പോട്ടുകളായി കണ്ടെത്തിയ 170 ജില്ലകളില്‍ കര്‍ശന നിയന്ത്രണം തുടരണമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്.
ഈ ജില്ലകളില്‍ ഓരോ വീട്ടിലെയും താമസക്കാരുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കണം. രോഗ ലക്ഷണമുള്ള എല്ലാവരുടെയും സാമ്പിളുകള്‍ പരിശോധിക്കണം. ഈ മേഖലയിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തും. രോഗികളുമായി ഇടപഴകിയ എല്ലാവരെയും പ്രത്യേകം നിരീക്ഷിക്കണം. 207 ജില്ലകളാണ് നോണ്‍ ഹോട് സ്പോട്ടായി ഉള്ളത്. ഇവിടെയും പ്രത്യേക നീരീക്ഷണം ഉണ്ടാകണം. ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാര്‍ക്ക് നല്‍കിയിട്ടുണ്ട്.
Discussion about this post