ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടിയത് കാരണം റെയില്‍വേ റദ്ദാക്കുന്നത് 39 ലക്ഷം ടിക്കറ്റുകള്‍. ഏപ്രില്‍ 15 മുതല്‍ മെയ് 3 വരെയുള്ള ദിവസങ്ങളിലേക്ക് മുന്‍കൂട്ടി സ്വീകരിച്ച ബുക്കിംഗുകളാണ് ഇപ്പോള്‍ റദ്ദാക്കുന്നത്. അതേസമയം റദ്ദാക്കുന്ന ടിക്കറ്റുകളുടെ മുഴുവന്‍ തുകയും തിരിച്ച് നല്‍കുമെന്നും റെയില്‍വേ അറിയിച്ചു.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇ-ടിക്കറ്റ് അടക്കം യാതൊരുവിധ ടിക്കറ്റുകളുടെയും ബുക്കിംഗ് നടത്തില്ല. അതേസമയം ബുക്കിംഗുകള്‍ റദ്ദാക്കാനുള്ള ഓണ്‍ലൈന്‍ സൗകര്യം ലഭ്യമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. രാജ്യത്തെ പ്രീമിയം തീവണ്ടികള്‍, എക്സ്പ്രസ്സ് തീവണ്ടികള്‍, പാസഞ്ചര്‍ തീവണ്ടികള്‍, സബ് അര്‍ബന്‍ തീവണ്ടികള്‍, കൊല്‍ക്കത്ത മെട്രോ സേവനങ്ങള്‍, കൊങ്കണ്‍ റെയില്‍വേ എന്നിവയ്ക്കും ഈ തീരുമാനം ബാധകമാണെന്നും റെയില്‍വേ അറിയിച്ചു.
ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് റദ്ദാക്കിയ ടിക്കറ്റിന്റെ തുക അവരുടെ അക്കൗണ്ടുകളിലേക്ക് എത്തുമെന്നും കൗണ്ടറുകളില്‍ നിന്ന് നേരിട്ട് ടിക്കറ്റെടുത്തവര്‍ക്ക് ജൂലൈ 31 വരെ തുക മടക്കി വാങ്ങാന്‍ കൗണ്ടറുകളില്‍ സൗകര്യം ഉണ്ടായിരിക്കുമെന്നും റെയില്‍വേ അറിയിച്ചു.
Discussion about this post