ചെന്നൈ: തമിഴ്‌നാട്ടിൽ കൊവിഡ് രോഗം വന്ന് മരിച്ചയാളുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത ഗുരുതര പിഴവ് വിവാദമാകുന്നതിനിടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരിച്ചയാളുടെ ബന്ധുക്കളായ മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ സംസ്‌കാര ചടങ്ങുകളിൽ സജീവമായി പങ്കെടുത്തിരുന്നു.
അതേസമയം, ഈ ചടങ്ങിലേക്ക് മുൻ മന്ത്രിയടക്കം നിരവധി പേർ എത്തിയിരുന്നു എന്നാണ് വിവരം. ചടങ്ങിൽ പങ്കെടുത്തവരേയും ഇവരുടെ ബന്ധുക്കളേയുമെല്ലാം ഇതോടെ നിരീക്ഷണത്തിലായിക്കിട്ടുണ്ട്.
ഈ സംഭവത്തിന് പിന്നാലെ ചെന്നൈയിൽ മരിച്ച ഡോക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചു. ആന്ധ്രപ്രദേശിലെ നെല്ലൂർ സ്വദേശിയായ ഡോക്ടറാണ് മരണപ്പെട്ടത്. എല്ലുരോഗ വിദഗ്ദ്ധനായ ഇദ്ദേഹം തിങ്കളാഴ്ചയാണ് മരിച്ചത്. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊവിഡ് ബാധിതനെ പരിശോധിച്ചതിലൂടെയാണ് ഡോക്ടർക്ക് വൈറസ് ബാധയുണ്ടായതെന്നാണ് സൂചന.
അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം രാജ്യത്ത് 11439 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 377 പേർ മരണപ്പെട്ടു. നിരവധി ആരോഗ്യപ്രവർത്തകർക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്. പൂണെയിലെ സ്വകാര്യ ആശുപത്രിയിൽ ഒരു മലയാളി നേഴ്‌സിന് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.