ന്യൂഡൽഹി: കൊവിഡ് 19-നെ തുടർന്ന് വിദേശരാജ്യങ്ങളിൽ പെട്ടുപോയ പ്രവാസികളെ തിരിച്ചെത്തിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. ഇതിനായി പ്രത്യേകം വിമാനം ഏർപ്പാടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആയിരക്കണക്കിന് ഇന്ത്യാക്കാരാണ് പ്രവാസലോകത്ത് കുടുങ്ങിക്കിടക്കുന്നത്. വീട്ടിലെത്താനാകാത്തതിൽ അവർ നിരാശരാണ്. അവരെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരാൻ പ്രത്യേക വിമാനം അയക്കണം. ഇവിടെ അവരെ പ്രത്യേക നിരീക്ഷണത്തിലാക്കണമെന്നും രാഹുൽ പറഞ്ഞു.
എന്നാൽ, വിദേശത്തുള്ള ഇന്ത്യക്കാർ തത്ക്കാലം എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ മടക്കിക്കൊണ്ടുവരാൻ സാധിക്കില്ലെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു. പുറം രാജ്യങ്ങളിൽ കുടുങ്ങിയിരിക്കുന്നവരെ നാട്ടിൽ എത്തിക്കാൻ പറ്റുന്ന സാഹചര്യമല്ല ഉള്ളതെന്ന് സുപ്രീംകോടതി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ഏഴ് ഹർജികളും നാലാഴ്ചയ്ക്കകം പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കൊവിഡിനെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ കുടുങ്ങി കിടക്കുന്നവരെ തിരികെ എത്തിക്കണമെന്ന ആവശ്യം നിലനിൽക്കെയാണ് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്ന് സുപ്രധാന ഉത്തരവ് വന്നിരിക്കുന്നത്.
Discussion about this post