‘കുടിയേറ്റ തൊഴിലാളി പ്രശ്‌നം ടൈം ബോംബ് പോലെ, കൊറോണയെക്കാള്‍ വലിയ പ്രതിസന്ധിയാവുന്നതിന് മുമ്പ് അതിനെ നിര്‍വ്വീര്യമാക്കണം’; കമല്‍ഹാസന്‍

ചെന്നൈ: കുടിയേറ്റ തൊഴിലാളി പ്രശ്‌നം ടൈം ബോംബ് പോലെയെന്ന് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍. കുടിയേറ്റ തൊഴിലാളി പ്രശ്‌നം കൊറോണയെക്കാള്‍ വലിയ പ്രതിസന്ധിയാവുന്നതിന് മുമ്പ് അതിനെ നിര്‍വ്വീര്യമാക്കണമെന്നും കമല്‍ഹാസന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും അവരെ കൂടി പരിഗണിച്ച് കൊണ്ടാവണം പ്രഖ്യാപനങ്ങള്‍ നടത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കുടിയേറ്റ തൊഴിലാളി പ്രതിസന്ധി ടൈം ബോംബ് പോലെയാണ്. കൊറോണയെക്കാള്‍ വലിയ പ്രതിസന്ധിയാവുന്നതിന് മുമ്പ് അതിനെ നിര്‍വ്വീര്യമാക്കണം’ എന്നാണ് കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചത്. മധ്യവര്‍ഗ്ഗ ജനതയുടെയും അതിനു മുകളിലുള്ളവരുടെയും മുന്നില്‍ കണ്ടുള്ള ബാല്‍ക്കണി സര്‍ക്കാര്‍ ആവരുത് കേന്ദ്രം എന്ന് കമല്‍ഹാസന്‍ നേരത്തേ വിമര്‍ശിച്ചിരുന്നു.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദിവസ വേതനക്കാരായ ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് മുംബൈയില്‍ കഴിഞ്ഞ മൂന്നാഴ്ചക്കാലമായി വരുമാനമില്ലാതെ ഒറ്റപ്പെട്ടു കഴിയുന്നത്. കഴിഞ്ഞ ദിവസം ബാന്ദ്രയില്‍ ഒത്തുചേര്‍ന്ന അവര്‍ തങ്ങളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് ലോക്ക് ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയ സാഹചര്യത്തിലായിരുന്നു ഈ പ്രതിഷേധം. രാജ്യത്തെ ഏറ്റവു വലിയ കൊറോണ ഹോട്ടസ്പോട്ടുകളില്‍ ഒന്നായ മുംബൈയില്‍ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ മറികടന്ന് ആയിരങ്ങള്‍ ഒത്തുകൂടിയത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.

Exit mobile version