ഹൈദരാബാദ്: ഇരട്ട ഗര്‍ഭപാത്രമുള്ള യുവതി പെണ്‍കുഞ്ഞിന് ജന്മം നല്കി. ഹൈദരാബാദിലാണ് സംഭവം. ഞായറാഴ്ച വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം നടത്തിയ രണ്ട് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് പത്തൊമ്പത് വയസ്സുകാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
ഹൈദരാബാദിലെ എപി പ്രകാശം ജില്ലയിലെ കരിംനഗര്‍ സ്വദേശിനിക്കാണ് ഇരട്ട ഗര്‍ഭപാത്രം എന്ന അപൂര്‍വ്വ ശാരീരിക അവസ്ഥയുള്ളത്. കഴിഞ്ഞ ദിവസം ഗര്‍ഭസ്ഥശിശുവിനെ വഹിക്കുന്ന ഗര്‍ഭപാത്രം യുവതിയുടെ മറ്റേ ഗര്‍ഭപാത്രത്തിലുണ്ടാക്കിയ സമ്മര്‍ദ്ദം മൂലം യുവതിക്ക് ആന്തരിക രക്തസ്രാവം ഉണ്ടായി.
ഇതോടെ യുവതിയെ മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതൊരു വലിയ ശസ്ത്രക്രിയയാണെന്നും അതിനാല്‍ രണ്ട് ലക്ഷത്തോളം രൂപ വേണമെന്നും ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ദിവസവേതനത്തിന് ജോലി ചെയ്യുന്ന യുവതിയുടെ കുടുംബത്തിന് ഈ തുക കണ്ടെത്താനായില്ല.
യുവതിയുടെയും കുടുംബത്തിന്റെയും നിസ്സഹായാവസ്ഥ ആരോഗ്യമന്ത്രി ഈതാല രാജേന്ദറിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ അദ്ദേഹം സഹായവുമായി എത്തി. മന്ത്രി ഹുസുരാബാദ് ആശുപത്രിയിലെ ഡോക്ടര്‍മാരോട് യുവതിയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്താന്‍ നിര്‍ദ്ദേശം നല്കി.
തുടര്‍ന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ഞായറാഴ്ച നടത്തിയ രണ്ട് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.