മുംബൈ: പുണെയില്‍ ഒരു മലയാളി നഴ്സിന് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. പുണെ റൂബി ഹാള്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ ആശുപത്രിയില്‍ നേരത്തെ മറ്റ് രണ്ട് മലയാളി നഴ്സുമാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്രയില്‍ ഇതുവരെ അറുപതിലധികം നഴ്സുമാര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം പതിനൊന്നായിരത്തിലേക്ക് കടക്കുകയാണ്. ഇതുവരെ 10,815 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് ബാധമൂലം 353 പേരാണ് ഇതുവരെ മരിച്ചത്. കര്‍ണാടകയില്‍ വൈറസ് ബാധമൂലം ഇതുവരെ പത്ത് പേരാണ് മരിച്ചത്. ബെംഗളൂരുവില്‍ 38 കൊവിഡ് തീവ്രബാധിത പ്രദേശങ്ങളാണ് ഉള്ളത്. ആന്ധ്ര പ്രദേശില്‍ ഇന്നലെ വൈറസ് ബാധമൂലം രണ്ട് പേര് കൂടി മരിച്ചതോടെ ആകെ മരണം ഒമ്പതായി. തെലങ്കാനയില്‍ 18 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.
രാജ്യത്ത് ലോക്ക് ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയ സാഹചര്യത്തില്‍ പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കും. ഏപ്രില്‍ ഇരുപതിന് ചില മേഖലകള്‍ക്ക് ഇളവ് നല്‍കുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ഇന്ന് കേന്ദ്രം നല്‍കുമെന്നാണ് സൂചന. ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം സാമ്പത്തിക പ്രതിസന്ധിയും ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നുവെന്നാണ് ഐസിഎംആര്‍ റിപ്പോര്‍ട്ട്. പരിശോധനകളുടെ എണ്ണം കൂട്ടാന്‍ വീണ്ടും ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ചൈനയില്‍ നിന്ന് ദ്രുതപരിശോധന കിറ്റുകള്‍ എത്തിത്തുടങ്ങി. കഴിഞ്ഞ മൂന്ന് ദിവസത്തില്‍ മാത്രം 3286 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
Discussion about this post