ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് കൊറോണ; മുഖ്യമന്ത്രിയുമായും നിരവധി മാധ്യമ പ്രവര്‍ത്തകരുമായും അടുത്ത് ഇടപഴകി, ആശങ്ക

അഹമ്മദാബാദ്: രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മരണസംഖ്യയും ദിനംപ്രതി ഉയരുന്നത് ജനങ്ങളെ ഒന്നടങ്കം ആശങ്കയിലാഴ്ത്തുന്നു. അതിനിടെ ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എയ്ക്കും കൊറോണ സ്ഥിരീകരിച്ചുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

എംഎല്‍എ ഇമ്രാന്‍ ഖെദവാലക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇമ്രാന്‍ ഖെദവാലക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൂടാതെ ഉപമുഖ്യമന്ത്രി നിതിന് പട്ടേല്‍, ആഭ്യന്തര മന്ത്രി പ്രദീപ് സിങ് ജഡേജ, നിരവധി മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുമായും കോണ്‍ഗ്രസ് എംഎല്‍എ അടുത്തിടപഴകിയിട്ടുണ്ടെന്നാണ് വിവരം.

ചില പ്രദേശങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് മുഖ്യന്ത്രി വിജയ് രൂപാണി ഇമ്രാന്‍ ഖെദവാലടക്കമുള്ള എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തിയത്. രോഗം സ്ഥിരീകരിച്ച എംഎല്‍എ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ 15-20 അടി അകലത്തിലായിരുന്നു ഇരുന്നത്. എന്നാല്‍ ശരീരിക സമ്പര്‍ക്കം ഉണ്ടായിട്ടില്ല.

എംഎല്‍എയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മെഡിക്കല്‍ വിദഗ്ദ്ധരുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് വിജയ് രൂപാണിയുടെ സെക്രട്ടറി അറിയിച്ചു. കൊറോണ ബാധയെ തുടര്‍ന്ന് ഗാന്ധിനഗറിലെ എസ്‌വിപി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കോണ്‍ഗ്രസ് എംഎല്‍എ. ഇതിനോടകം ഗുജറാത്തില്‍ 617 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 29 പേര്‍ മരിക്കുകയും ചെയ്തു.

Exit mobile version