ന്യൂഡല്‍ഹി: മെയ് മൂന്നുവരെ എല്ലാ യാത്രാ ട്രെയിനുകളും റദ്ദാക്കിയതായി റെയില്‍വേ. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ മെയ് മൂന്നുവരെ നീട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുമെന്ന രീതിയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിച്ചതോടെ വിശദീകരണം നല്‍കുകയായിരുന്നു റെയില്‍വേ.
മെയ് മൂന്നുവരെ എല്ലാ യാത്രാ ട്രെയിനുകളും പൂര്‍ണ്ണമായും റദ്ദാക്കിയെന്നും ഇക്കാലയളവില്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ യാതൊരു പദ്ധതിയും ഇല്ലെന്നും റെയില്‍വേ അറിയിച്ചു. പ്രത്യേക ട്രെയിന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തികച്ചും വ്യാജമാണെന്നും റെയില്‍വേ വ്യക്തമാക്കി.
പ്രത്യേക ട്രെയിന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന വ്യാച പ്രചരണത്തെ തുടര്‍ന്ന് മുംബൈയിലെ ബാന്ദ്രയില്‍ ആയിരകണക്കിന് കുടിയേറ്റ തൊഴിലാളികള്‍ സംഘടിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും സമാനമായ പ്രചാരണം നടന്നുവരുന്നുണ്ട്.
മെയ് മൂന്ന് വരെയുള്ള ട്രെയിനുകള്‍ക്ക് ബുക്ക് ചെയ്തവര്‍ക്ക് മുഴുവന് പണവും തിരികെ ലഭിക്കുമെന്ന് ഐആര്‍സിടിസി നേരത്തെ അറിയിച്ചിട്ടുണ്ട്. ഓണ്‍ലൈനായി ബുക്ക് ചെയ്തവര്‍ ടിക്കറ്റ് റദ്ദാക്കേണ്ട കാര്യമില്ല. ഓട്ടോമാറ്റിക് ആയി തന്നെ അത് റദ്ദായിക്കൊള്ളും. നേരത്തെ ടിക്കറ്റ് റദ്ദാക്കിയവര്‍ക്കും മുഴുവന്‍ തുക തിരികെ ലഭിക്കും.
രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ മെയ് 3 വരെ നീട്ടിയത്. ഏപ്രില്‍ 20 വരെ രാജ്യത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്നും സാമൂഹ്യ അകലം പാലിക്കല്‍ തന്നെയാണ് കൊറോണയില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗമെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ പറഞ്ഞു.