ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ മേയ് മൂന്ന് വരെ നീട്ടിയെങ്കിലും ചില ഇളവുകൾ ലോക്ക്ഡൗണിന്റെ രണ്ടാം ഘട്ടത്തിൽ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. നിലവിലെ കടുത്ത നിയന്ത്രണങ്ങൾ 20 വരെ തുടരും. അതിന് ശേഷം ഇളവുകൾ നൽകുന്ന കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്.
കൂടുതൽ ഹോട്ട്‌സ്‌പോട്ടുകൾ ഉണ്ടാകാത്ത സംസ്ഥാനങ്ങൾക്ക് ഉപാധികളോടെ ഇളവുകൾ അനുവദിക്കാനാണ് അനുമതി നൽകുക. ഇളവുകൾ നിബന്ധനകൾക്ക് വിധേയമാകുമെന്നും സ്ഥിതിഗതികളിൽ മാറ്റമുണ്ടായാൽ ഇളവുകൾ പിൻവലിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഹോട്ട്‌സ്‌പോട്ടുകൾ കുറയുന്ന സംസ്ഥാനങ്ങൾക്ക് അടിയന്തര സേവനങ്ങൾ പുനരാരംഭിക്കാമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു
ലോക്ക്ഡൗൺ തുടരുന്നത് കർഷകർ, ദിവസവേതനക്കാർ, കൂലിത്തൊഴിലാളികൾ എന്നിവർക്ക് വലിയ വെല്ലുവിളി ഉയർത്തുന്നതിനാൽ കർഷകരെ ബാധിക്കാത്ത രീതിയിൽ സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
Discussion about this post