ലോക്ക് ഡൗൺ ലംഘിച്ച് ഗംഭീര വിവാഹാഘോഷവും ചടങ്ങുകളും പദ്ധതിയിട്ടു; നവവരൻ അറസ്റ്റിൽ, കൂടെ ബന്ധുക്കളും സുഹൃത്തുക്കളും കുടുങ്ങി

wedding | india news

ഗാസിയാബാദ്: ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് ബന്ധുക്കളെ വിളിച്ചുകൂട്ടി ആഘോഷപൂർവ്വം വിവാഹം നടത്താനിരുന്ന സംഭവത്തിൽ നവവരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് ലോക്ക് ഡൗൺ ലംഘിച്ച് വിവാഹച്ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിൽ പങ്കെടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമെതിരെ കേസെടുത്തു. ഏഴ് പേർക്കെതിരായാണ് ഗാസിയാബാദ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.

മുറാദ്‌നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിലാണ് വിവാഹം സംഘടിപ്പിച്ചിരുന്നത്. ഏപ്രിൽ 12, 13 തീയതികളിൽ ദേശീയപാത 58ന് സമീപം രാവലി റോഡിൽ രണ്ട് കാറുകൾ നിർത്തിയിട്ടിരുന്ന് പോലിസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. 13ന് രാവിലെ സ്ഥലത്തെത്തിയ പോലീസ് അന്വേഷിച്ചതോടെയാണ് വിവാഹ ചടങ്ങ് നടക്കുന്നതായി അറിഞ്ഞത്.

വിവാഹത്തിനായി വരനെ മീററ്റിലേക്ക് കൊണ്ടുപോകുകയാണെന്നാണ് കാറിലുണ്ടായിരുന്നവർ പോലീസിനോട് പറഞ്ഞത്. വിവാഹവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ഇവർക്കായില്ല.

തുടർന്ന് ഗാസിയാബാദ് എസ്എസ്പി കലാനിധി നൈഥാനിയുടെ നിർദ്ദേശപ്രകാരം പൊലീസ് നവവരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസിൻറെ കണ്ണിൽപ്പെടാതെ മീററ്റിലെത്തി വിവാഹചടങ്ങ് നടത്താനായിരുന്നു ഇവരുടെ പരിപാടിയെന്ന് പോലീസ് പറഞ്ഞു.

Exit mobile version