ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിനായി സ്വീകരിച്ച നടപടികൾക്ക് കേന്ദ്രസർക്കാരിന് മുഴുവൻ മാർക്കും ലഭിച്ചതായുള്ള ബിജെപിയുടെ അവകാശവാദത്തെ തിരുത്തി ഓക്സ്ഫോഡ് സർവകലാശാലയിലെ ബ്ലാവത്നിക്ക് സ്കൂൾ ഓഫ് ഗവൺമെന്റ്. ഏപ്രിൽ 10ന് ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ ബ്ലാവത്നിക്ക് സ്കൂൾ ഓഫ് ഗവൺമെന്റിന്റെ സർവേ ഫലത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഇൻഫോഗ്രാഫിക്സ് പുറത്തുവിട്ടുകൊണ്ട് സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ഒന്നാം സ്ഥാനം ലഭിച്ചതായി ബിജെപി അവകാശപ്പെട്ടിരുന്നു.
ലോക്ക്ഡൗൺ നടപ്പാക്കുന്നതിൽ മോഡി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വേഗത്തിലുള്ള നടപടികളും ഗൗരവത്തോടെയുള്ള സമീപനവും വൈറസ് വ്യാപനത്തിനെതിരെ മറ്റ് ഏതൊരു രാജ്യത്തെ സർക്കാരിന്റെയും പ്രവർത്തനത്തേക്കാൾ മികച്ചതാണെന്ന് അടിവരയിടുന്നതാണ് സർവേയിൽ ലഭിച്ച ഫുൾ സ്കോർ എന്നും ട്വീറ്റിൽ അവകാശപ്പെട്ടിരുന്നു.
എന്നാൽ ഈ അവകാശവാദത്തിനെതിരെ ബ്ലാവത്നിക്ക് സ്കൂൾ ഓഫ് ഗവൺമെന്റ് തന്നെ തിങ്കളാഴ്ച ട്വിറ്ററിൽ മറുപടിയുമായി രംഗത്തെത്തി. മഹാമാരിക്കെതിരെ സർക്കാരുകൾ സ്വീകരിച്ച നടപടികളുടെ എണ്ണവും അതിന്റെ കാർക്കശ്യവും മാത്രമാണ് തങ്ങൾ പുറത്തുവിട്ട സൂചിക വ്യക്തമാക്കുന്നതെന്ന് അവർ ട്വീറ്റിൽ പറഞ്ഞു. ഒരു രാജ്യം സ്വീകരിച്ച നടപടികളുടെ ഔചിത്യമോ ഫലപ്രാപ്തിയോ ഇത് സൂചിപ്പിക്കുന്നില്ലെന്നും മാർക്ക് നൽകുന്നതിൽ ഇവ പരിഗണിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. ബിജെപിയുടെ ട്വീറ്റിന് മറുപടിയായായിരുന്നു യൂണിവേഴ്സിറ്റി ഇക്കാര്യം ട്വീറ്റ് ചെയ്തത്.
മാർച്ച് 25ന് ആയിരുന്നു ബ്ലാവത്നിക്ക് സ്കൂൾ ഓഫ് ഗവൺമെന്റ് സൂചിക പുറത്തുവിട്ടത്.
India scores 💯/💯 on Government Response Stringency Index developed by University of Oxford researchers, for taking composite measures to combat COVID-19.
The ‘full marks’ underline Modi government’s proactiveness, seriousness and swiftness in implementing effective lockdown. pic.twitter.com/a5DIiNXCJF
— BJP (@BJP4India) April 10, 2020
Discussion about this post