ന്യൂഡല്‍ഹി: ഈ മാസം 20 വരെ രാജ്യത്ത് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സാഹചര്യം മാറിയാല്‍ ഇളവുകള്‍ പിന്‍വലിക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ആദ്യഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കുന്ന ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധ ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രോഗത്തിനെതിരായ യുദ്ധത്തില്‍ ജനങ്ങള്‍ അച്ചടക്കമുള്ള സൈനികരായെന്ന് മോഡി ചൂണ്ടിക്കാട്ടി. രാജ്യത്ത് രോഗവ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ലോക്ക് ഡൗണ്‍ മെയ് മൂന്ന് വരെയായി നീട്ടിയെന്നും മനുഷ്യ ജീവനുകള്‍ പരമാവധി സംരക്ഷിച്ചേ മതിയാവൂ എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ലോകത്താകമാനം വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ ഇന്ത്യ ഒരുപരിധി വരെ പിടിച്ചുനിര്‍ത്തിയെന്നും കൊറോണ പ്രതിരോധത്തില്‍ ഇതുവരെ രാജ്യം വിജയിച്ചുവെന്നും മറ്റ് പല രാജ്യങ്ങളിലും ഇന്ത്യയിലേക്കാള്‍ 30%ത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊറോണയെ പ്രതിരോധിക്കുന്നതില്‍ ഇന്ത്യ ആഗോള മാതൃകയായി. തുടക്കത്തിലേ പ്രശ്നം കണ്ടെത്തിയത് ഇന്ത്യയ്ക്ക് തുണയായെന്നും സമൂഹ്യ അകലം പാലിക്കല്‍ തന്നെയാണ് രോഗം തടയാനുള്ള ഏറ്റവും വലിയ മാര്‍ഗമെന്നും രാജ്യത്ത് പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കുമെന്നും മോഡി കൂട്ടിച്ചേര്‍ത്തു.
Discussion about this post