ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 51 പേരാണ് രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചത്. ഇന്നലെ മാത്രം 905 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. രോഗികളുടെ എണ്ണവും മരണസംഖ്യയും വര്‍ധിക്കുന്നത് രാജ്യത്തെ ആശങ്കയിലാഴ്ത്തുന്നു.
ഇന്ത്യയില്‍ ആകെ മരിച്ചവരുടെ എണ്ണം 324 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 9352 കടന്നു. മഹാരാഷ്ട്രക്ക് പിന്നാലെ ഡല്‍ഹിയിലും കൊറോണ ബാധിതരുടെ എണ്ണം 1000 കടന്നു. ഡല്‍ഹിയില്‍ നിയന്ത്രണ മേഖലയുടെ എണ്ണം 47 ആയി. ഗംഗ റാം ആശുപത്രിയിലെ മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.
അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ഐസിഎംആര്‍ അറിയിച്ചു. രാജസ്ഥാനില്‍ 93 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 897 കടന്നു. ഗുജറാത്തില്‍ പുതിയ 34 കേസ് കൂടി സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 572 ആയി. ജമ്മു കശ്മീരില്‍ 25 പേര്‍ക്ക് കൂടി രോഗം റിപ്പോര്‍ട്ട് ചെയ്തു.
ജാര്‍ഖണ്ഡ്, മധ്യപ്രദേശ് ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലും പുതിയ കൊറോണ കേസുകള്‍ സ്ഥിരീകരിച്ചു. അരുണാചല്‍ പ്രദേശിലും ലോക്ക് ഡൗണ്‍ ഈ മാസം 30 വരെ നീട്ടി. ഉത്തര്‍പ്രദേശില്‍ 62 ഹോട്ട് സ്പോട്ടുകള്‍ കൂടി കണ്ടെത്തി. 64 വയസ്സുള്ള രോഗിക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ കെജിഎംയു ആശുപത്രിയിലെ 65 ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കി.
കേരളത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൊറോണ നിയന്ത്രണവിധേയമാണ്. വയനാടും കോട്ടയവുമടക്കം കഴിഞ്ഞ 14 ദിവസത്തിനിടെ രാജ്യത്തെ 15 സംസ്ഥാനങ്ങളിലെ 25 ജില്ലകളില്‍ ഒരു കൊറോണ കേസ് പോലും സ്ഥിരീകരിച്ചിട്ടില്ല.
രാജ്യത്താകമാനം ഇതുവരെ 982 പേര്‍ക്കാണ് രോഗം ഭേദമായത്.
Discussion about this post