പ്രതാപ്ഗഢ്: ശിവക്ഷേത്രത്തിലെ പ്രതിഷ്ഠ പാല്‍ കുടിക്കുന്നതായുള്ള പ്രചാരണത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് അമ്പലത്തില്‍ പാലുമായി എത്തിയ 13 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ പ്രതാപ്ഡഢ് ജില്ലയിലെ ശംഷര്‍ഗഞ്ചില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
ശംഷര്‍ഗഞ്ചിലെ ഒരു ശിവക്ഷേത്രത്തിലെ പ്രതിഷ്ഠ പാല്‍ കുടിക്കുന്നതായി വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതറിഞ്ഞ് നാട്ടുക്കാരായ നിരവധി പേര്‍ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് വിഗ്രഹത്തിന് നല്‍കാന്‍ പാലുമായി ക്ഷേത്രത്തില്‍ എത്തുകയായിരുന്നു. അമ്പലത്തില്‍ ആളുകള്‍ തടിച്ചുകൂടിയ വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന പതിമൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.
അതേസമയം പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചയാളെ കണ്ടെത്തുകയും ചെയ്തു. ക്ഷേത്രത്തിന് സമീപത്തായി താമസിക്കുന്ന രാജേഷ് കൗശല്‍ എന്നയാളാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. ഇയാള്‍ക്കെതിരെ കേസെടുത്തതായി ജേത്വാര പോലീസ് ഇന്‍സ്പെക്ടര്‍ വിനോദ് കുമാര്‍ യാദവ് പറഞ്ഞു. ലോക്ക്ഡൗണ്‍ ലംഘിച്ച് ക്ഷേത്രത്തില്‍ തടിച്ചുകൂടിയവര്‍ക്കെതിരെ 188 വകുപ്പ് പ്രകാരം കേസെടുത്തതായും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രത്തിലെത്തിയ മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു. ഉത്തര്‍പ്രദേശില്‍ ഇതുവരെ 453 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അഞ്ച് പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്.
Discussion about this post