കൊവിഡ് 19; വൈറസ് ബാധമൂലം ധാരാവിയില്‍ വീണ്ടും മരണം, പുതുതായി നാല് പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു, രോഗികളുടെ എണ്ണം 50 കടന്നു

മുംബൈ: കൊവിഡ് 19 വൈറസ് ബാധമൂലം ധാരാവിയില്‍ ഒരു മരണം കൂടി. അറുപത് വയസുകാരനാണ് ഇന്ന് മരിച്ചത്. അതേസമയം ധാരാവിയില്‍ പുതുതായി നാല് പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം അമ്പത് കടന്നു. വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ പ്രദേശത്ത് ബാരിക്കേഡുകള്‍ തീര്‍ത്ത് കവചമൊരുക്കുകയാണ് പോലീസ്.

അതേ സമയം മഹാരാഷ്ട്രയില്‍ നാല് മലയാളി നഴ്സുമാര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. പൂനൈയിലെ റൂബി ഹാള്‍ ആശുപത്രിയിലെയും മുംബൈയിലെ ഭാട്ടിയ ആശുപത്രിയിലെ നഴ്സുമാര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പൂനൈയിലെ റൂബി ഹാള്‍ ആശുപത്രിയിലെ നഴ്സിന് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇവരോട് നേരിട്ട് ബന്ധം പുലര്‍ത്തിയിരുന്ന 36 നഴ്സുമാരെ ക്വാറന്റെന്‍ ചെയ്തിരിക്കുകയാണ്.

മുംബൈയിലെ ഭാട്ടിയ ആശുപത്രിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ച മലയാളി നഴ്സുമാരുടെ എണ്ണം അഞ്ചായി. ഭാട്ടിയ ആശുപത്രിയില്‍ മാത്രം 37 നഴ്സുമാര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം രണ്ടായിരത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം 221 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1982 ആയി. സംസ്ഥാനത്ത് ഇതുവരെ 150 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.

Exit mobile version