ന്യൂഡൽഹി: കൊവിഡ് വ്യാപനത്തെ തുടർന്ന് വെട്ടിക്കുറച്ച അധ്യയന ദിനങ്ങൾ തിരിച്ചുപിടിക്കാൻ ലോക്ക്ഡൗൺ കഴിയുമ്പോൾ വേനലവധി അവസാനിപ്പിച്ച് പുതിയ അധ്യയന വർഷം ആരംഭിക്കാൻ കേന്ദ്രം ആലോചിക്കുന്നതായി സൂചന. വിദ്യാഭ്യാസ മേഖലയെ തകിടം മറിച്ചാണ് പ്രവൃത്തി ദിനങ്ങൾ കൊവിഡ് കാരണം വെട്ടിക്കുറച്ചിരുന്നത്.
ഇതനുസരിച്ച് അക്കാദമിക് കലണ്ടർ പുനഃക്രമീകരിക്കാൻ സ്കൂൾ വിദ്യാഭ്യാസ വകുപ്പുകളോടും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടേക്കും. ലോക്ക്ഡൗൺ കഴിയുന്നതോടെ വേനലവധി വെട്ടിക്കുറച്ച് സ്കൂളുകൾ തുറക്കാനും പരീക്ഷകൾ നടത്താനും സംസ്ഥാനങ്ങളോടും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ആവശ്യപ്പെട്ടേക്കുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മേയ് മാസം പകുതിയോടെയോ മേയ് മൂന്നാം വാരത്തോടെയോ പുതിയ അധ്യയന വർഷം ആരംഭിച്ചേക്കുമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നു.
ഓൺലൈൻ ക്ലാസുകൾ തുടങ്ങാനും കേന്ദ്രം വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ആവശ്യപ്പെടും. ഓൺലൈനായി പരീക്ഷകൾ നടത്തുന്ന കാര്യവും കേന്ദത്തിന്റെ പരിഗണനയിലുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോട് പുതിയ അധ്യായന വർഷത്തേക്കുള്ള പ്രവേശന നടപടികൾ പൂർണമായും ഓൺലൈനാക്കാനും കേന്ദ്രം ആവശ്യപ്പെട്ടേക്കും.
Discussion about this post