‘ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങി കറങ്ങി നടന്നാല്‍ മസക്കലി 2.0 പിടിച്ചിരുത്തി കേള്‍പ്പിക്കും’; വ്യത്യസ്ത മുന്നറിയിപ്പുമായി ജയ്പൂര്‍ പോലീസ്

ജയ്പൂര്‍: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീടിനുള്ളില്‍ തന്നെ ഇരിക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍. എന്നാല്‍ പലരും പോലീസിന്റെ കണ്ണ് വെട്ടിച്ച് നിരത്തിലൂടെ കറങ്ങി നടക്കുകയും ചെയ്യുന്നുണ്ട്. അത്തരത്തില്‍ കറങ്ങി നടക്കുന്നവരെ പിടികൂടി ഏത്തമിടിയിക്കുകയും മാപ്പെഴുതി വാങ്ങിക്കുകയുമൊക്കെ പോലീസ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു ശിക്ഷാ രീതിയാണ് ജയ്പൂര്‍ പോലീസിന്റേത്.

ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങി കറങ്ങി നടന്നാല്‍ മസക്കലി 2.0 പിടിച്ചിരുത്തി കേള്‍പ്പിക്കും എന്നാണ് ജയ്പൂര്‍ പോലീസിന്റെ മുന്നറിയിപ്പ്. ട്വിറ്ററിലൂടെ ജയ്പൂര്‍ പോലീസ് തന്നെയാണ് ഈ വിചിത്രമായ ശിക്ഷാ രീതിയെ കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കിയത്. ‘നിങ്ങള്‍ അനാവശ്യമായി പുറത്ത് കറങ്ങി നടക്കുന്നത് കണ്ടാല്‍ പിടിച്ച് ഒരു മുറിയിലിരുത്തി മസക്കലി 2.0 വീണ്ടും കേള്‍പ്പിച്ചുകൊണ്ടിരിക്കും’ എന്നാണ് ട്വീറ്റില്‍ പോലീസ് വ്യക്തമാക്കിയത്.

അഭിഷേക് ബച്ചനും സോനം കപൂറും പ്രധാന വേഷത്തിലെത്തിയ 2009ല്‍ പുറത്തിറങ്ങിയ ഡല്‍ഹി 6 എന്ന ചിത്രത്തിന് വേണ്ടി എആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ മസക്കലി എന്ന ഗാനം റീമിക്സ് ചെയ്ത് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. റഹ്മാന്റെ സംഗീതത്തെ റീമിക്സ് ചെയ്ത് നശിപ്പിച്ചുവെന്ന് ആരോപിച്ച് ആരാധകരും റഹ്മാന്‍ തന്നെയും രംഗത്തെത്തിയിരുന്നു. എന്തായാലും പോലീസിന്റെ ഈ പുതിയ ശിക്ഷാ രീതി വളരെ മികച്ചതാണെന്നാണ് ജയ്പൂര്‍ പോലീസിന്റെ ട്വീറ്റിന് താഴെ വരുന്ന കമന്റുകള്‍.

Exit mobile version