ഇന്‍ഡോര്‍: പോലീസുകാരെ ആക്രമിച്ചതിന് അറസ്റ്റിലായ മൂന്ന് പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. മധ്യപ്രദേശിലാണ് സംഭവം. സത്ന ജയിലിലും ജബല്‍പുര്‍ ജയിലിലും കഴിയുന്നവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ഇവരുമായി ഇടപഴകിയ ജയില്‍ ജീവനക്കാരടക്കം 12 പേരെ ക്വാറന്റൈനിലാക്കി.
ഏപ്രില്‍ ഏഴിന് കൊറോണ നിയന്ത്രണ മേഖലായ ഇന്‍ഡോറിലെ ചന്ദന്‍ നഗറില്‍ പോലീസുകാരെ ആക്രമിച്ചതിന് ദേശീയ സുരക്ഷാ നിയമപ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ജയിലിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് ഇന്‍ഡോര്‍ പോലീസ് പ്രതികള്‍ക്ക് കൊറോണ പരിശോധന നടത്തിയിരുന്നില്ലെന്ന് സത്ന ജയില്‍ അധികൃതര്‍ ആരോപിച്ചു.
സത്ന ജില്ലയിലെ ആദ്യ കൊറോണ പോസിറ്റീവ് കേസാണിത്. എന്നാല്‍ പ്രതിക്ക് കൊറോണ ലക്ഷണമുണ്ടെന്ന് തിരിച്ചറിഞ്ഞ ജബല്‍പുര്‍ ജയില്‍ സൂപ്രണ്ട് ഗോപാല്‍ തംറാക്കര്‍ ഇയാളെ നേരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.ജബല്പൂരില് എട്ട് പേര്‍ക്ക് നേരത്തെ വൈറസ് സ്ഥിരീകരിച്ചിരുന്നു.
തടവുകാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇവരുമായി ഇടപഴകിയ ജയില്‍ ജീവനക്കാരടക്കം 12 പേരെ ക്വാറന്റൈനിലാക്കി. പോലീസ് വാഹനത്തില്‍ തടവുകാര്‍ക്കൊപ്പമുണ്ടായിരുന്ന എട്ട് പോലീസുകാരോട് നിരീക്ഷണത്തില്‍ കഴിയാന്‍ ഇന്‍ഡോര്‍ ജില്ലാ ഭരണകൂടവും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post