തിരുവനന്തപുരം: കേന്ദ്രം സംസ്ഥാനങ്ങളെ സാമ്പത്തികമായി സഹായിക്കണമെന്ന് കെ.മുരളീധരന്‍ എംപി. കേന്ദ്രസര്‍ക്കാര്‍ ലൊട്ടുലൊടുക്കു പ്രവര്‍ത്തനങ്ങള്‍ നടത്തിയതുകൊണ്ട് കാര്യമില്ലെന്നും പാട്ടകൊട്ടിയതുകൊണ്ടോ പന്തം കത്തിച്ചതുകൊണ്ടോ കാര്യമില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
കൊറോണയുടെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ ഇനിയും നീട്ടുകയാണെങ്കില്‍ വരുന്ന ദിവസങ്ങളില്‍ സ്വീകരിക്കേണ്ട നയങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും കേരളത്തില്‍ ചെയ്യേണ്ട കുറച്ചുകാര്യങ്ങളുണ്ടെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. അതിഥി തൊഴിലാളികളെ നാട്ടിലേക്ക് തിരികെയെത്തിക്കാനുള്ള സംവിധാനം ഉണ്ടാക്കണം.
നാടിന്റെ നട്ടെല്ലായ പ്രവാസികള്‍ക്ക് പലര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടു, വിസിറ്റ് വിസയില്‍ പോയി അവിടെ കുടങ്ങിപ്പോയവരുണ്ട്. അവരെയെല്ലാം ഇത്തരം സാഹചര്യത്തില്‍ തിരികെയെത്തിക്കണം. നിലവില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അതിനെതിരായിട്ടുള്ള നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.
പ്രവാസികളെ നാട്ടിലെത്തിക്കുകയാണെങ്കില്‍ അവരെ ക്വാറന്റൈന്‍ ചെയ്യാനുള്ള സംവിധാനങ്ങള്‍ക്ക് ഇപ്പോഴേ തുടക്കം കുറിക്കണം. കൂടാതെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാനുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കണം. അവര്‍ക്ക് മത്സ്യം വില്‍ക്കാനുള്ള അവസരവും ഉണ്ടാക്കണമെന്നും മുരളീധരന്‍ വ്യക്തമാക്കി.
ഇക്കാര്യങ്ങളിലെല്ലാം ജാഗ്രത പുലര്‍ത്തി വേണം മുന്നോട്ടുപോകാന്‍. ലോക്ക് ഡൗണ്‍ കഴിഞ്ഞാല്‍ സാമ്പത്തിക നയങ്ങളില്‍ മാറ്റങ്ങള്‍ വരുത്തണമെന്നും അതൊരു ഭരണ പ്രതിപക്ഷ രീതിയില്‍ ആയിരിക്കരുത്, സാമ്പത്തിക രംഗത്ത് ശക്തമായ നിയന്ത്രണം ഉണ്ടായില്ലെങ്കില്‍ ഇതുപോലുള്ള മഹാമാരികള്‍ വരുമ്പോള്‍ നാം സാമ്പത്തികമായി തകരുന്ന സാഹചര്യം വരുമെന്നും മുരളീധരന്‍ ഓര്‍മ്മിപ്പിച്ചു.
Discussion about this post