ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസ് വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരാനുളള സാധ്യതയില്ലെന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് മാത്രമേ കൊവിഡ് പകരുകയുളളൂവെന്നും രണ്‍ദീപ് ഗുലേറിയ മാധ്യമങ്ങളോട് പറഞ്ഞു.
വളര്‍ത്തുമൃഗങ്ങള്‍ കൊവിഡ് പരത്തുന്നതിന്റെ ഡേറ്റ ഒന്നും നിലവില്‍ ഇല്ല. അതുകൊണ്ട് വീടുകളിലുളള വളര്‍ത്തുമൃഗങ്ങള്‍ സുരക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ മൃഗങ്ങളിലും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ന്യൂയോര്‍ക്കിലെ ബ്രോണ്‍ക്‌സ് മൃഗശാലയിലെ നാദിയ എന്ന നാല് വയസുള്ള കടുവക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മേല്‍നോട്ടക്കാരനിലൂടെയാണ് നാദിയക്ക് കൊവിഡ് പകര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.