ഭോപ്പാൽ: രാജ്യത്ത് കൊവിഡ് വ്യാപനം തടയാൻ ലോക്ക് ഡൗൺ കുറച്ചുകൂടി നേരത്തെ ഏർപ്പെടുത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നെന്ന് മധ്യപ്രദേശ് മുൻമുഖ്യമന്ത്രി കമൽനാഥ്. ലോക്ക് ഡൗൺ നടപ്പിലാക്കാൻ കേന്ദ്രസർക്കാർ വൈകിയത് മധ്യപ്രദേശിൽ ബിജെപി സർക്കാരുണ്ടാക്കാനുള്ള ശ്രമങ്ങളെ തുർന്നാണെന്നും കമൽമാഥ് കുറ്റപ്പെടുത്തി. മാർച്ച് 20ന് ലോക്ക്ഡൗൺ നടപ്പിലാക്കണമെന്ന് താൻ അഭ്യർഥിച്ചതാണ്. എന്നാൽ മാർച്ച് 23ന് മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാൻ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം മാത്രമാണ് ലോക്ക്ഡൗൺ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ നടപടിയെടുത്തതെന്നും കമൽനാഥ് ആരോപിച്ചു.
കൊറോണ വൈറസ് മഹാമാരി രാജ്യത്ത് പ്രതിസന്ധിയുണ്ടാക്കുമെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകിയിരുന്നതാണ്. എന്നാൽ അപ്പോളും കേന്ദ്രം നടപടികൾ ഒന്നും തന്നെ സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് ഭീതിയെ തുടർന്ന് നിരവധി സംസ്ഥാന നിയമസഭകൾ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞിരുന്നു. എന്നാൽ മധ്യപ്രദേശിലെ തന്റെ സർക്കാർ താഴെ വീഴുന്നത് വരെ പാർലമെന്റ് സമ്മേളനം തുടർന്നു.
രാജ്യത്ത് ലോക്ക് ഡൗൺ വരുന്നതിനും മുമ്പുതന്നെ മധ്യപ്രദേശിൽ താൻ മാർച്ച് എട്ടിന് ഷോപ്പിങ് മാളുകൾ, സ്കൂളുകൾ എന്നിവ അടച്ചിടാൻ നിർദ്ദേശം നൽകിയിരുന്നു. കോവിഡ് പ്രതിസന്ധിയുടെ ഗൗരവം കണക്കിലെടുത്തായിരുന്നു അതൊക്കെ. കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിയമസഭ പിരിഞ്ഞതായി സ്പീക്കർ അറിയിച്ചിട്ടും അദ്ദേഹം അപഹസിക്കപ്പെട്ടു. എല്ലാം കഴിഞ്ഞപ്പോൾ രാജ്യം മുഴുവൻ ലോക്ക് ഡൗണിലായെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ ഗ്രാമപ്രദേശങ്ങളിൽ ഇപ്പോഴും കൊവിഡ് പരിശോധനകൾ നടക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
23 എംഎൽഎമാർ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് ഒപ്പം ബിജെപിക്കൊപ്പം പോയതോടെയാണ് ഭൂരിപക്ഷം നഷ്ടപ്പെട്ട കമൽനാഥ് സർക്കാർ മാർച്ച് 20 ന് രാജിവെച്ചത്.
Discussion about this post