ലുധിയാന: ലോക്ക് ഡൗണ്‍ ഡ്യൂട്ടിക്കിടെ പഞ്ചാബില്‍ പോലീസുകാര്‍ക്ക് നേരെ ആക്രമണം. പട്യാലയിലെ പച്ചക്കറി മാര്‍ക്കറ്റില്‍ വെച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഒരു പോലീസുകാരന്റെ കൈയ്ക്ക് വെട്ടേല്‍ക്കുകയും ചെയ്തു. മറ്റ് രണ്ട് പോലീസുകാര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാവിലെ പച്ചക്കറി മാര്‍ക്കറ്റില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉറപ്പുവരുത്താനെത്തിയ പോലീസുകാരാണ് ആക്രമണത്തിന് ഇരയായത്. എഎസ്‌ഐ ആയ ഹര്‍ജീത് സിങ്ങിനാണ് ആക്രമണത്തില്‍ കൈയ്ക്ക് വെട്ടേറ്റത്.
ഇദ്ദേഹത്തിന്റെ അറ്റുപോയ കൈ തുന്നിച്ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ ചണ്ഡീഗഢിലെ പിജിഐ ആശുപത്രിയില്‍ തുടരുകയാണെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പിടികൂടിയതായും തീവ്ര സിഖ് വിഭാഗമായ നിഹാംഗുകളാണ് ആക്രമണത്തിന് പിന്നിലെന്നും പോലീസ് അറിയിച്ചു.